ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ എത്രപേര്‍ കൊല്ലപ്പെട്ടു, രാജ്യത്തിന് അറിയണമെന്ന് ശിവസേന

പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് പുറമെ സ്വന്തം മുന്നണിയില്‍ നിന്നുള്ള ശിവസേനയും ഇതേ ആവശ്യം ഉന്നയിച്ചത് ബിജെപിക്ക് തിരിച്ചടി ആയിരിക്കുകയാണ്.

മുംബൈ: ബാലക്കോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കണക്ക് പുറത്ത് വിടണമെന്ന് ശിവസേന. പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് പുറമെ സ്വന്തം മുന്നണിയില്‍ നിന്നുള്ള ശിവസേനയും ഇതേ ആവശ്യം ഉന്നയിച്ചത് ബിജെപിക്ക് തിരിച്ചടി ആയിരിക്കുകയാണ്.

ശിവസേനയുടെ മുഖപത്രമായ സാമ്‌നയിലെ മുഖപ്രസംഗത്തിലൂടെയാണ് ഇന്ത്യ ബാലക്കോട്ടിലെ ജയ്‌ഷെ ഇ മുഹമ്മദിന്റെ ഭീകരതാവളങ്ങളില്‍ നടത്തിയ ആക്രമണത്തില്‍ എത്രപേര്‍ കൊല്ലപ്പെട്ടുവെന്നുള്ള കണക്ക് ആവശ്യപ്പെട്ടത്. പ്രതിരോധ സേന ശത്രുക്കള്‍ക്ക് എത്രമാത്രം നാശം വരുത്തിയെന്ന് അറിയാന്‍ രാജ്യത്തെ പൗരന്മാര്‍ക്ക് അവകാശമുണ്ടെന്നും പറയുന്നു.

അതേസമയം, പ്രതിപക്ഷ പാര്‍ട്ടികള്‍ തെളിവ് ചോദിച്ചത് പ്രധാനമന്ത്രിയെ കുപിതനാക്കിയിരിക്കുകയാണ്. പുല്‍വാമ ഭീകരാക്രമണം നടത്താന്‍ ഉപയോഗിച്ച 300 കിലോ ആര്‍ഡിഎക്‌സ് എവിടെ നിന്ന് വന്നു? ഭീകരതാവളങ്ങളില്‍ നടത്തിയ ആക്രമണത്തില്‍ എത്രപേര്‍ കൊല്ലപ്പെട്ടു? എന്നിങ്ങനെയാണ് ഉയര്‍ന്നു വരുന്ന ചോദ്യങ്ങള്‍.

Exit mobile version