ബര്‍മെര്‍: ഇന്ത്യ-പാകിസ്താന് അതിര്‍ത്തിയിലെ സംഘര്‍ഷം വീണ്ടും സാധാരണക്കാരന് കണ്ണീരാകുന്നു. അതിര്‍ത്തി ഗ്രാമങ്ങളിലെ അശാന്തവും അരക്ഷിതവുമായ സാഹചര്യം ജനങ്ങളെ കൂട്ടത്തോടെ പാലായനത്തിന് പ്രേരിപ്പിക്കുന്നെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് രാജസ്ഥാനി യുവാവും പാകിസ്താനി യുവതിയും തമ്മിലുള്ള വിവാഹം മുടങ്ങിയെന്ന വാര്‍ത്തയും പുറത്തുവന്നിരുക്കുകയാണ്.
പുല്‍വാമ ചാവേര്‍ ആക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാര് കൊല്ലപ്പെട്ടതിനു പിന്നാലെ അതിര്‍ത്തി സംഘര്‍ഷഭരിതമാവുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള ഗതാഗത മാര്‍ഗ്ഗങ്ങള്‍ അനിശ്ചിതമായി റദ്ദാക്കുകയും ചെയ്തതാണ് ഇവര്‍ക്ക് തിരിച്ചടിയായത്.
രാജസ്ഥാനിലെ പാകിസ്താനോട് ചേര്‍ന്ന അതിര്‍ത്തി ജില്ലയായ ബാര്‍മെറിലെ ഖജാദ് കാ പാര് ഗ്രാമത്തിലെ മഹേന്ദ്ര സിങും പാകിസ്താന് സിന്ധ് പ്രവിശ്യയിലെ അമര്‍ക്കോട്ട് സിനോയ് ഗ്രാമത്തിലെ ചഗന്‍ കന്‍വാറും തമ്മിലുള്ള വിവാഹമാണ് സംഘര്‍ഷത്തെ തുടര്‍ന്ന് അതിര്‍ത്തി അടച്ചതോടെ മുടങ്ങിയിരിക്കുന്നത്. ശനിയാഴ്ചയായിരുന്നു നിശ്ചയിച്ചുറപ്പിച്ച പ്രകാരം വിവാഹം നടക്കേണ്ടിയിരുന്നത്. എന്നാല്‍, വിവാഹത്തിനായി വരനും കുടുംബത്തിനും പാകിസ്താനിലേക്ക് പോകാന്‍ മാര്‍ഗ്ഗമുണ്ടായില്ല. ട്രെയിന്‍ സര്‍വീസുകള്‍ പാകിസ്താന് നിര്‍ത്തിവെച്ചിരിക്കുകയാണ്. തിങ്കളാഴ്ചയും വ്യാഴാഴ്ചയും, ലാഹോറില്‍ നിന്നു അട്ടാരിയിലേക്കും തിരിച്ചും സര്‍വീസ് നടത്തുന്ന ട്രെയിനായിരുന്നു ഇവരുടെ ഏക ആശ്രയം. എന്നാല്‍ പാകിസ്താന്റെ നിയന്ത്രണത്തിലുള്ള ഈ ട്രെയിന്‍ തത്ക്കാലം തടഞ്ഞുവെച്ചിരിക്കുകയാണ്.
ഇതോടെ വലഞ്ഞത് മഹേന്ദ്ര സിങാണ്. ഒരുപാട് പ്രതിസന്ധികള്‍ തരണം ചെയ്ത് സംഘടിപ്പിച്ച പാകിസ്താനിലേക്ക് കടക്കാനുള്ള വിസയും കൈയ്യിലെടുത്ത് മുടങ്ങിയ വിവാഹത്തെ കുറിച്ചാണ് മഹേന്ദ്ര സിങിന് പറയാനുള്ളത്. ബന്ധുക്കള്‍ ഉള്‍പ്പടെ അഞ്ചുപേര്‍ക്ക് മാത്രമാണ് വിവാഹത്തിനായി വിസ ലഭിച്ചിരുന്നത്. വിവാഹത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നെന്ന് മഹേന്ദ്ര സിങ് പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
ബലാക്കോട്ട് ഭീകരകേന്ദ്രത്തിലെ ഇന്ത്യന്‍ വ്യോമാക്രമണവും തുടര്‍ന്നുള്ള പാകിസ്താന്റെ നിയന്ത്രണ രേഖ ലംഘിച്ചുള്ള പ്രകോപനവുമാണ് അതിര്‍ത്തി ഗ്രാമങ്ങളെ കൂടുതല്‍ ജാഗ്രതയിലാക്കിയത്. ഇതിനു പിന്നാലെയാണ് ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചതും.
Discussion about this post