പിറന്നത് ആറ് ആണ്‍കുട്ടികള്‍, പെണ്‍കുട്ടി വേണമെന്ന് ആഗ്രഹിച്ചു, ഒടുവില്‍ രോഗിയായ കുട്ടിയെ ദത്തെടുത്തു, അവള്‍ക്ക് വൃക്ക ദാനം ചെയ്ത് പോറ്റമ്മ; സ്‌നേഹത്തിന്റെ മഹത്തായ മാതൃക ലോകത്തിന് കാണിച്ച് കൊടുത്ത് സാറയുടെ കുടുംബം

രണ്ടുവര്‍ഷം മുമ്പ് സാറയുടെ രോഗം വഷളായി

പൂനൈ: ഒരമ്മയ്ക്ക് തന്റെ മക്കള്‍ എന്നും പ്രിയപ്പെട്ടവരാണ്. തന്റെ ഗര്‍ഭപാത്രത്തില്‍ പത്ത് മാസം കിടന്ന കുട്ടിയെ ജീവിതാവസാനം വരെ ഒരമ്മ അവരുടെ നെഞ്ചോട് ചേര്‍ക്കും. അവര്‍ക്ക് വൃക്ക മാത്രമല്ല ജീവന്‍ വരെ കൊടുക്കുന്ന അമ്മമാര്‍ നമുക്ക് ചുറ്റുമുണ്ട്. എന്നാല്‍ സ്വന്തമായി ആറ് മക്കളുണ്ടായിട്ടും വേറൊരു കുട്ടിയെ അതും അസുഖ ബാധിതയായ ഒരു കുട്ടിയെ ദത്തെടുത്ത് അവള്‍ക്ക് വൃക്ക നല്‍കുന്ന എത്ര അമ്മമാരുണ്ടാകും?

ലോകത്തിന് മുഴുവന്‍ മാതൃകയാക്കാവുന്ന അങ്ങനൊരമ്മയും കുടുംബവുമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങുന്നത്. ദമ്പതികള്‍ക്ക് ജനിച്ചത് ആറ് ആണ്‍കുട്ടികള്‍. പെണ്‍കുട്ടികള്‍ ഉണ്ടാകുന്നത് ബാധ്യതയാണെന്ന് കരുതുന്ന ഒരുപാടാളുകള്‍ നമുക്ക് ചുറ്റുമുണ്ട്. എന്നാല്‍ ഈ ദമ്പതികള്‍ ഒരു പെണ്‍കുട്ടിക്ക് വേണ്ടി ആഗ്രഹിച്ചു.

അങ്ങനെ 15 വര്‍ഷങ്ങള്‍ക്ക് മുമ്പ് ദമ്പതികള്‍ ഒരു പെണ്‍കുട്ടിക്കായി സന്നദ്ധ സംഘടനയെ സമീപിച്ചു. ആറു സഹോദരമ്മാരുടെ കുഞ്ഞുപെങ്ങളായി സാറ എന്ന കൊച്ചു മിടുക്കിയെ ദമ്പതികള്‍ ദത്തെടുത്തു. രോഗ ബാധിതയാണെന്ന് അറിഞ്ഞു കൊണ്ടു തന്നെയായിരുന്നു ദത്തെടുത്തത്. നട്ടെല്ലിനെ ബാധിക്കുന്ന ഗുരുതരമായ അസുഖമായിരുന്നു സാറയ്ക്ക്. ക്രമേണ രോഗം ശ്വാസകോശത്തെയും വൃക്കകളെയും ബാധിച്ചു.

രണ്ടുവര്‍ഷം മുമ്പ് സാറയുടെ രോഗം വഷളായി. വൃക്ക മാറ്റി വയ്ക്കുക എന്നല്ലാതെ വേറെ പോംവഴി ഇല്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. സാറയ്ക്ക് വൃക്ക നല്‍കാന്‍ കുടുംബമൊന്നാകെ മുന്നോട്ട് വന്നു. അമ്മയുടെ വൃക്കയായിരുന്നു അവള്‍ക്ക് അനുയോജ്യമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പൂനെ ജഹാംഗീര്‍ ആശുപത്രിയില്‍ കഴിഞ്ഞമാസം 20 നായിരുന്നു ശസ്ത്രക്രിയ. അമ്മയും മകളും സുഖമായി ഇരിക്കുന്നു. എട്ട് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം അവര്‍ വീട്ടിലേക്ക് മാറി.

വൃക്ക മാറ്റിവയ്ക്കല്‍ പ്രക്രിയയുടെ കോ ഓര്‍ഡിനേറ്ററായ വൃന്ദ പുസല്‍ക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ കുടുംബത്തിന്റെ സ്‌നേഹം കണ്ട് അദ്ഭുതപ്പെട്ടു. ലോകം മുഴുവന്‍ മാതൃകയാക്കേണ്ടതാണ് ഈ സ്‌നേഹമെന്ന് സമൂഹമാധ്യമങ്ങള്‍ ഒന്നടങ്കം പറയുന്നു. അതോടൊപ്പം സാറയ്ക്കും അവളുടെ പ്രിയപ്പെട്ട കുടുംബത്തിനും എല്ലാവിധ ആശംസകളും നേരുകയാണ് സമൂഹമാധ്യമങ്ങള്‍.

Exit mobile version