പാറ്റ്ന: പാകിസ്താനില്‍ നടത്തിയ വ്യോമാക്രമണത്തിന് തെളിവ് ചോദിച്ച കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. മോഡിയെ തകര്‍ക്കാനായി പ്രതിപക്ഷം ശ്രമിക്കുമ്പോള്‍ മോഡി ഭീകരവാദത്തെ തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം ബിഹാറിലെ ആദ്യ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ പറഞ്ഞു. മിന്നലാക്രമണത്തിനും വ്യോമാക്രമണത്തിനും തെളിവ് ചോദിച്ചവരാണ് കോണ്‍ഗ്രസുകാരെന്നും മോഡി കുറ്റപ്പെടുത്തി.
എന്തുകൊണ്ടാണ് കോണ്‍ഗ്രസും പ്രതിപക്ഷ പാര്‍ട്ടികളും സൈന്യത്തിന്റെ വീര്യം തകര്‍ക്കുന്ന നടപടികളുമായി മുന്നോട്ടുപോകുന്നത്. എന്തുകൊണ്ടാണ് കോണ്‍ഗ്രസ് ശത്രുക്കള്‍ക്കു നേട്ടമുണ്ടാക്കുന്ന പ്രസംഗങ്ങള്‍ നടത്തുന്നത്. തീവ്രവാദ ഫാക്ടറികള്‍ക്കെതിരെ ഒത്തൊരുമിച്ചു നില്‍ക്കേണ്ട സമയത്ത് രാജ്യത്തെ 21 പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചുനിന്ന് സര്‍ക്കാരിനെ ചോദ്യം ചെയ്യുകയാണുണ്ടായതെന്നും മോഡി പ്രസംഗത്തിനിടെ കുറ്റപ്പെടുത്തി.
കോണ്‍ഗ്രസും പ്രതിപക്ഷവും സര്‍ജിക്കല്‍ സ്ട്രൈക്കിനു തെളിവ് ആവശ്യപ്പെട്ടു. ഇപ്പോള്‍ അവര്‍ വ്യോമസേന നടത്തിയ ആക്രമണത്തിനു തെളിവ് ആവശ്യപ്പെടുന്നു. ഇത്തരം വാക്കുകള്‍ക്കു പാകിസ്താന് കൈയടിക്കുകയാണ്. മോഡിയെ തകര്‍ക്കുക എന്നതാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യം. മോഡിയാകട്ടെ തീവ്രവാദത്തെ തകര്‍ക്കാനാണു ശ്രമിക്കുന്നത്. രാജ്യത്തിന്റെ കാവല്‍ക്കാരനെ മോശപ്പെടുത്താന്‍ മത്സരം നടക്കുന്നു. അദ്ദേഹം ജാഗരൂകനാണ്- മോഡി പറഞ്ഞു.
Discussion about this post