ന്യൂഡല്‍ഹി: പാകിസ്താന്‍ കസ്റ്റഡിയില്‍ നിന്നും മോചിതനായ ഇന്ത്യന്‍ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന് കാര്യമായ ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. വാരിയെല്ലിനുള്ള പരിക്ക് സാരമുള്ളതല്ലെന്നും ഈ ആഴ്ച ആശുപത്രി വിടാന്‍ കഴിയുമെന്നും പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം, രണ്ടാഴ്ചത്തെ വിശ്രമം അഭിനന്ദിന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. പാക് കസ്റ്റഡിയില്‍ നിന്നും മോചിതനായി വാഗ അതിര്‍ത്തി വഴി വെള്ളിയാഴ്ച രാത്രി ഇന്ത്യയിലെത്തിയ അഭിനന്ദന്‍ ഡല്‍ഹി ആര്‍ആര്‍ ആശുപത്രിയില്‍ ആണ് ചികിത്സയില്‍ കഴിയുന്നത്. മൂന്ന് ദിവസം പാകിസ്താന്റെ കസ്റ്റഡിയില്‍ കഴിഞ്ഞ അഭിനന്ദന് ശാരീരികമായോ മാനസികമായോ ആഘാതങ്ങളുണ്ടായിട്ടുണ്ടോയെന്ന് ഡോക്ടര്‍മാര്‍ വിശദമായി പരിശോധന നടത്തി.
എന്നാല്‍ ശാരീരികമായ പീഡനങ്ങളല്ല മാനസിക പീഡനമാണ് പാകിസ്താന്റെ കസ്റ്റഡിയില്‍ നേരിട്ടതെന്ന് വ്യോമസേന ഉദ്യോഗസ്ഥരോട് അഭിനന്ദന്‍ പറഞ്ഞതായാണ് വിവരം. അഭിനന്ദ് ഇന്നലെ പ്രതിരോധ മന്ത്രി നിര്‍മല സീതാരാമനുമായും വ്യോമസേനാ മേധാവി ബി എസ് ധനോവയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.