ന്യൂഡല്‍ഹി: പാകിസ്താന് പിടിയില്‍ നിന്നും തിരിച്ചെത്തിയ ഇന്ത്യന്‍ വിങ് കമാന്റര്‍ അഭിനന്ദന് വര്‍ദ്ധമാന്റെ ആരോഗ്യ നില മെച്ചപ്പെട്ടു. ഇതോടെ, ഡീബ്രീഫിങ് ഇന്ന് ആരംഭിച്ചേക്കും. അഭിനന്ദന് പാകിസ്താനില്‍ ശാരീരിക പീഡനം ഉണ്ടായില്ലെന്നും മാനസിക പീഡനമുണ്ടായെന്നും അദ്ദേഹം വെളിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.
ഡല്‍ഹിയിലെ സൈനിക ആശുപത്രിയില്‍ വിശദമായ പരിശോധനയ്ക്ക് വിധേയനായ അഭിനന്ദന്റെ ആരോഗ്യ നിലയില്‍ കാര്യമായ പ്രശ്നങ്ങള്‍ ഇല്ല. ആക്രമണത്തില്‍ മുഖത്തും ശരീരത്തിലുമുള്ള പരിക്കുകള്‍ ഭേദമാവുന്നു. അഭിനന്ദനുമായി കുടുംബാംഗങ്ങള്‍ സമയം ചെലവഴിക്കുകയും ചെയ്തു.
അതേസമയം, പാകിസ്താനിലെ 60 മണിക്കൂറുകള്‍ക്ക് ശേഷം ഇന്ത്യയില്‍ എത്തിയ വിങ് കമാന്‍ഡര്‍ അഭിനന്ദന് സൈനിക ചട്ടങ്ങള്‍ പ്രകാരമുള്ള നടപടി ക്രമങ്ങളിലൂടെയാണ് കടന്നു പോകുന്നത്. പാകിസ്താനില്‍ എത്തിയത് എങ്ങനെ, അവിടെ നേരിട്ട ഉപദ്രവങ്ങള്‍ എന്തൊക്കെ തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കാന്‍ അഭിനന്ദനെ ഉദ്യോഗസ്ഥര്‍ വിശദമായ ചോദ്യം ചെയ്യലിന് വിധേയനാക്കും. വ്യോമസേന ഇന്റലിജന്‍സ്, ഐബി, റോ എന്നീ ഏജന്‍സികള്‍ ആണ് വിവരങ്ങള്‍ ശേഖരിക്കുക. പാകിസ്താന് പുറത്തു വിട്ട അഭിനന്ദന്റെ വീഡിയോ ഭീഷപ്പെടുത്തിയാണ് ചിത്രീകരിച്ചതെന്ന് വ്യക്തമായാല്‍ ജനീവ കണ്‍വന്‍ഷന്റെ ലംഘനമായി ഉന്നയിക്കാനും ഇന്ത്യ പദ്ധതിയിടുന്നുണ്ട്.
അഭിനന്ദന് വര്ദ്ധമാന് പ്രതിരോധ മന്ത്രിയെയും വ്യോമസേനാ മേധാവിയെയും ഇന്നലെ കാര്യങ്ങള്‍ ധരിപ്പിച്ചിരുന്നു. പാക് സൈനിക ഉദ്യോഗസ്ഥരില്‍നിന്ന് ശാരീരിക ഉപദ്രവം ഉണ്ടായില്ലെന്നും മാനസികമായി വളരെയധികം പീഡിപ്പിച്ചെന്നും അഭിനന്ദന് പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
Discussion about this post