ന്യൂഡല്‍ഹി: വ്യാജ വാര്‍ത്ത നല്കി അവഹേളിച്ചു എന്നാരോപിച്ച് റിപ്പബ്ലിക് ടിവിക്കെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങി ജമാഅത്തെ ഇസ്ലാമി ഹിന്ദ് അഖിലേന്ത്യ പ്രസിഡന്റ് മൗലാന ജലാലുദ്ദീന്‍ ഉമരി. കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച ജമ്മു-കാശ്മീര്‍ ജമാഅത്തെ ഇസ്ലാമിയുടെ നേതാവെന്ന് പറഞ്ഞ് തന്റെ ചിത്രം കാണിച്ചുവെന്ന് ആരോപിച്ചാണ് ജലാലുദ്ദീന്‍ ഉമരി റിപ്പബ്ലിക് ടിവിക്കെതിരെ നിയമനടപടിക്കൊരുങ്ങുന്നത്.
ജമാഅത്തെ ഇസ്ലാമി ഹിന്ദിന് ജമ്മു-കാശ്മീര്‍ ജമാഅത്തെ ഇസ്ലാമി എന്ന സംഘടനയുമായി ഒരു ബന്ധവുമില്ലെന്ന് അറിവില്ലാത്തവരാണോ റിപ്പബ്ലിക് ടിവി നടത്തിപ്പുകാരെന്ന് ഉമരി ചോദിക്കുന്നു. കഴിഞ്ഞ 60 വര്‍ഷമായി ജമാഅത്തെ ഇസ്ലാമി ഹിന്ദില് പ്രവര്‍ത്തിക്കുന്ന തന്റെ പൊതുജീവിതം ജനങ്ങള്‍ക്ക് മുമ്പിലുണ്ട്. കഴിഞ്ഞ 40 വര്‍ഷമായി ഒരു ത്രൈമാസികയുടെ എഡിറ്ററായും പ്രവര്‍ത്തിച്ചുവരികയാണ്.
ഡല്‍ഹിയിലുള്ള തന്നെക്കുറിച്ച് അത്തരത്തിലുള്ള ഒരു വാര്‍ത്ത നല്‍കുന്നതിന് മുമ്പ് തന്നെ ചുരുങ്ങിയത് ആ ചാനലിന് ഒന്ന് ബന്ധപ്പെടുകയെങ്കിലും ചെയ്യാമായിരുന്നില്ലേ എന്ന് ഉമരി ചോദിക്കുന്നു. ഇന്ത്യന്‍ മാധ്യമങ്ങള്‍ അങ്ങേയറ്റം നിരുത്തരവാദപരമായ തരത്തിലാണ് ഇന്ത്യ-പാക് സംഘര്‍ഷവുമായി ബന്ധപ്പെട്ട വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും വാര്‍ത്താസമ്മേളനത്തില്‍ വിമര്‍ശിച്ചു.
Discussion about this post