ന്യൂഡല്‍ഹി: ഈ സങ്കീര്‍ണ്ണമായ സാഹചര്യത്തില്‍ ഇന്ത്യയുടെ പക്കല്‍ റാഫേല്‍ യുദ്ധവിമാനം കൂടി ഉണ്ടായിരുന്നെങ്കില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമായിരുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇന്ത്യയ്ക്ക് റാഫേലിന്റെ അഭാവം അനുഭവപ്പെട്ടെന്നും, കരാറിന്റെ പേരിലെ രാഷ്ട്രീയ ഈഗോ രാജ്യത്തെ മുറപ്പെടുത്തിയെന്നും മോഡി പറഞ്ഞു. ന്യൂഡല്‍ഹിയില്‍ ഇന്ത്യാ ടുഡേ കോണ്‍ക്ലേവില്‍ സംസാരിക്കവെയാണ് മോഡി ഇക്കാര്യം അവതരിപ്പിച്ചത്.
‘റാഫേലിന്റെ അഭാവം രാജ്യത്തിന് അനുഭവപ്പെട്ടു. റാഫേല്‍ ഉണ്ടായിരുന്നെങ്കില്‍ നമ്മുടെ പരിശ്രമങ്ങളുടെ ഫലം കുറച്ചുകൂടെ ശക്തമാകുമായിരുന്നുവെന്ന് ഇന്ത്യ പറയുന്നു. റാഫേലിന്റെ പേരിലുള്ള ഈഗോ രാഷ്ട്രീയം രാജ്യത്തെ മുറിപ്പെടുത്തി’- മോഡി പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
പുല്‍വാമ ഭീകരാക്രമണത്തിനും ബലാക്കോട്ടിലെ ഇന്ത്യന്‍ ആക്രമണത്തിനു ശേഷം ഇന്ത്യയും പാകിസ്താനും അതിര്‍ത്തിയില്‍ പോരടിച്ചതിനു പിന്നാലെയാണ് മോഡിയുടെ വിവാദ പരാമര്‍ശം. പാകിസ്താന്റെ നൂതനവും അമേരിക്കന്‍ നിര്‍മ്മിതവുമായ യുദ്ധവിമാനമായ എഫ്-16 ഇന്ത്യ തകര്‍ത്തിരുന്നു.
ഇവയെ തുരത്താന്‍, പാകിസ്താന്‍ പിടിയിലായ ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍ ഉപയോഗിച്ചതാകട്ടെ തൊള്ളായിരത്തി എണ്‍പതുകളില്‍ റഷ്യയില്‍ നിന്ന് ഇന്ത്യ വാങ്ങിയ മിഗ് വിമാനവുമായിരുന്നു.
ഇന്ത്യ ആയുധങ്ങള്‍ വാങ്ങി ശക്തി വര്‍ധിപ്പിക്കാന്‍ യുപിഎ കാലത്ത് തന്നെ ശ്രമങ്ങള്‍ നടന്നിരുന്നു. ഇതിന്റെ ഭാഗമായി യുപിഎ സര്‍ക്കാരാണ് ഫ്രാന്‍സില്‍ നിന്നും കൂടുതല്‍ സാങ്കേതികത്തികവുള്ള റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചത്. അന്നത് നടക്കാതെ പോയി. പിന്നീട് അധികാരത്തിലെത്തിയ മോഡി സര്‍ക്കാര്‍ വലിയ മാറ്റങ്ങളോടെ വീണ്ടും ഈ കരാറുമായി ഫ്രാന്‍സിനെ സമീപിച്ചിരുന്നു.
പിന്നാലെ, വിമാനം നിര്‍മ്മിക്കുന്ന ഫ്രഞ്ച് കമ്പനിയായ ദസ്സോയുടെ ഇന്ത്യന്‍ പങ്കാളിയായി റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ഉടമ അനില്‍ അംബാനിയെ തെരഞ്ഞെടുത്തത് മോഡിയുടെ ഇടപെടല്‍ മൂലമായിരുന്നെന്നും, വിമാനങ്ങളുടെ എണ്ണം കുറച്ച് വില കൂട്ടിയത് രാജ്യതാല്‍പര്യത്തിന് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി പ്രതിപക്ഷം രംഗത്തെത്തുകയും ചെയ്തിരുന്നു. രാജ്യത്തെ തന്നെ ഏറ്റവും വലിയ അഴിമതിയാണ് ഇതിലൂടെ നടന്നതെന്നാണ് കോണ്‍ഗ്രസ് ആരോപണം. ഈ ആരോപണങ്ങള്‍ എന്‍ഡിഎ സര്‍ക്കാരിനെ പിടിച്ചുകുലുക്കുന്നതിനിടെയാണ് മോഡിയുടെ പുതിയ പരാമര്‍ശം പുറത്തു വന്നിരിക്കുന്നത്.
Discussion about this post