നേരം ഒന്ന് ഇരുട്ടി വെളുത്തപ്പോള്‍ 100 വര്‍ഷം പ്രായമുള്ള ആല്‍മരം കാണാനില്ല! പരാതി നല്‍കി പ്രദേശവാസികള്‍

മരം മുറിച്ച് കൊണ്ടുപോകാന്‍ സാധ്യതയുള്ള ഇടങ്ങളിലെല്ലാം പ്രദേശവാസികള്‍ പരിശോധന നടത്തി.

ബംഗളൂരു: 100 വര്‍ഷം പ്രായമുള്ള ആല്‍മരം കാണാതായതായി പരാതി. ബംഗളൂരുവിലെ വൈറ്റ്ഫീല്‍ഡിലെ താമസക്കാരാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. വെള്ളിയാഴ്ചയാണ് ആല്‍മരം കാണാനില്ലെന്ന വിവരം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുന്നത്. മരം മുറിച്ച് കടത്തിയതാണെന്നാണ് നിഗമനം. ഒറ്റ രാത്രി കൊണ്ടാണ് മരം കടത്തിയിരിക്കുന്നത്.

മരം മുറിച്ച് കൊണ്ടുപോകാന്‍ സാധ്യതയുള്ള ഇടങ്ങളിലെല്ലാം പ്രദേശവാസികള്‍ പരിശോധന നടത്തി. പക്ഷേ കണ്ടെത്താനായില്ല. ഇതേ തുടര്‍ന്നാണ് ഇവര്‍ പോലീസില്‍ പരാതിപ്പെട്ടത്. മരം കാണാതായത് എങ്ങനെയാണെന്നതിനെ കുറിച്ച് കൃത്യമായി അറിയില്ലെങ്കിലും നാട്ടുകാര്‍ക്കിടയില്‍ ഭിന്നഅഭിപ്രായങ്ങളാണ് ഉയര്‍ന്ന് വന്നത്.

മരം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മുറിച്ചതായിരിക്കമെന്നാണ് നാട്ടുകാരില്‍ ഒരുകൂട്ടരുടെ വാദം. എന്നാല്‍ തൊട്ടടുത്ത കടക്കാരനാണ് മരം കാണാതായതിന് പുറകിലെന്ന് മറ്റ് ചിലര്‍ ആരോപിക്കുന്നു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി വൈറ്റ്ഫീല്‍ഡ് പോലീസ് അറിയിച്ചു.

Exit mobile version