മുംബൈ: ഇന്ത്യാ-പാക് ബന്ധം വഷളായതോടു കൂടി അതിര്‍ത്തി അശാന്തമായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ യുദ്ധത്തിനായി മുറവിളി ശക്തമാവുകയാണ് സമൂഹമാധ്യമങ്ങളില്‍. പലരും ഇതല്ല രാജ്യസ്നേഹം എന്ന് പറഞ്ഞ് രംഗത്തെത്തിയിട്ടും അവയെല്ലാം തള്ളി പ്രചാരണങ്ങള്‍ ശക്തമാവുകയാണ്.
ഈ സാഹചര്യത്തില്‍ സോഷ്യല്മീഡിയക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് വീരമൃത്യു വരിച്ച ജവാന്റെ ഭാര്യ. ബുദ്ഗാമില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീരമൃത്യു വരിച്ച സൈനികന് നിനാഥ് മന്ദവാഗ്നെയുടെ ഭാര്യ വിജേതയാണ് രംഗത്തെത്തിയിരിക്കുന്നത്. സുരക്ഷിതമായൊരിടത്തുനിന്ന് യുദ്ധത്തിനായി നിലവിളിക്കുന്നവര്‍ അതിര്‍ത്തിയില്‍ പോയി നേരിട്ട് യുദ്ധം ചെയ്യട്ടെയെന്ന് വിജേത അഭിപ്രായപ്പെട്ടു.
‘സാമൂഹ്യമാധ്യമങ്ങളിലെ ആളിക്കത്തലുകള്‍ വളരെ ഭീകരമാണ്. അതില്‍നിന്ന് ആരും പുറത്തേക്ക് വരാന്‍ പോകുന്നില്ല. ദയവായി യുദ്ധം വേണമെന്ന് മുറവിളി കൂട്ടുന്നത് നിര്‍ത്തണമെന്ന് സാമൂഹ്യമാധ്യമങ്ങളിലെ യോദ്ധാക്കളോട് അപേക്ഷിക്കുകയാണ്. നിങ്ങള്‍ക്കത്രയ്ക്ക് ആഗ്രഹമുണ്ടെങ്കില്‍ സൈന്യത്തില്‍ പോയി ചേരൂ. എന്നിട്ട് യുദ്ധം ചെയ്യുന്നത് എങ്ങനെയുണ്ടെന്ന് അനുഭവിച്ചറിയൂ’, വിജേത പറയുന്നു.
ബുധനാഴ്ച കശ്മീരിലെ ബുദ്ഗാമില്‍ വ്യോമസേനയുടെ ഹെലികോപ്ടര്‍ തകര്‍ന്നുവീണാണ് നിനാഥ് മന്ദവാഗ്നെ കൊല്ലപ്പെട്ടത്. സേനയുടെ എംഎ 17 ഹെലികോപ്റ്ററാണ് തകര്‍ന്നത്. വ്യാഴാഴ്ച നാസികില്‍ എത്തിച്ച നിനാഥിന്റെ ഭൗതിക ശരീരം വെള്ളിയാഴ്ചയാണ് സംസ്കരിച്ചത്. മഹാരാഷ്ട്രയിലെ ഗോദാവരി തീരത്ത് പൂര്‍ണ്ണ സൈനിക ബഹുമതിയോടെയാണ് അന്ത്യകര്‍മ്മ ചടങ്ങുകള്‍ നടന്നത്.
Discussion about this post