ന്യൂഡല്‍ഹി: പാകിസ്താനിലെ ബലാക്കോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ നിരവധി ജയ്ഷെ മുഹമ്മദ് തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. സംഭവ സ്ഥലത്ത് നിന്ന് 35ല്‍ കൂടുതല്‍ മൃതശരീരങ്ങള്‍ നീക്കുന്നത് കണ്ടതായാണ് ദൃക്സാക്ഷികള്‍ പറയുന്നത്. കൊല്ലപ്പെട്ടവരില്‍ മുന്‍ ഐഎസ്‌ഐ ഏജന്റുമാരും ഉണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
ആക്രമണം നടന്ന ഉടന്‍ പ്രാദേശിക ഭരണാധികാരികള്‍ സ്ഥലത്തെത്തിയിരുന്നു. എന്നാല്‍ അതിന് മുന്‍പേ പാകിസ്താന്‍ സൈന്യം പ്രദേശം വളഞ്ഞിരുന്നു. പ്രാദേശിക പോലീസിനെയോ മറ്റ് ജനപ്രതിനിധികളെയോ സംഭവസ്ഥലത്തേക്ക് കടക്കാന്‍ സൈന്യം അനുവദിച്ചില്ല. മൃതശരീരങ്ങള്‍ നീക്കാന്‍ എത്തിയ ആശുപത്രി ജീവനക്കാരില്‍ നിന്ന് സൈന്യം മൊബൈല്‍ ഫോണ്‍ വാങ്ങി വെച്ചതായും ദൃക്സാക്ഷികള്‍ വെളിപ്പെടുത്തി.
കേണല്‍ സലിം എന്ന് പരിസരവാസികള്‍ക്കിടയില്‍ അറിയപ്പെടുന്ന മുന്‍ ഐഎസ്‌ഐ ഉദ്യോഗസ്ഥന്‍ സംഭവ സ്ഥലത്ത് തന്നെ കൊല്ലപ്പെട്ടതായി ഇവര്‍ പറയുന്നു. പെഷവാറില്‍ നിന്നുള്ള ജയ്ഷെ പരിശീലകനായ മുഫ്തി മൊഈന്‍ ആയുധ വിദഗ്ദനായ ഉസ്മാന്‍ ഗാനി എന്നിവരും ആക്രമണത്തില്‍ കൊല്ലപ്പെട്ടു.
ജയ്ഷെ പരിശീലനം നല്‍കികൊണ്ടിരുന്ന 12 തീവ്രവാദികള്‍ താമസിച്ചിരുന്ന മരത്തില്‍ നിര്‍മ്മിച്ച കെട്ടിടം പൂര്‍ണമായും തകര്‍ന്നെന്നും ഇവര്‍ പറയുന്നു.
എന്നാല്‍ ദൃക്സാക്ഷികളുടെ മൊഴികള്‍ പലതും പരസ്പര വിരുദ്ധമാണെന്നും ആക്ഷേപമുണ്ട്. ചില ദൃക്സാക്ഷികള്‍ സംഭവസ്ഥലത്ത് ഒരു ജയ്ഷെ തീവ്രവാദി പോലും ഇല്ലെന്ന് ഉറപ്പിച്ച് പറയുന്നു. എന്നാല്‍ മറ്റു ചിലര്‍ കൊല്ലപ്പെട്ട ജയ്ഷെ തീവ്രവാദികളുടെ പേരുകള്‍ ഉള്‍പ്പടെ പറയുന്നുണ്ട്. കൊല്ലപ്പെട്ട ആളുകളുടെ എണ്ണത്തെ കുറിച്ചും പരസ്പര വിരുദ്ധമായ മൊഴികളാണ് പുറത്ത് വരുന്നത്.
എന്നാല്‍ ഇന്ത്യന്‍ വ്യോമാക്രമണത്തില്‍ പ്രദേശത്തെ കാടിന് മാത്രമാണ് നാശനഷ്ടം വന്നിട്ടുള്ളതെന്നാണ് പാകിസ്താന്റെ വാദം. എന്നാല്‍ ലക്ഷ്യത്തില്‍ തന്നെയാണ് ആക്രമണം നടത്തിയതെന്ന് തെളിയിക്കുന്ന ശക്തമായ തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്ന് ഇന്ത്യന്‍ വ്യോമസേന വ്യക്തമാക്കി.