ജയ്പൂര്‍: പുല്‍വാമയില്‍ തുടങ്ങി അഭിനന്ദന്‍ വരെ എത്തി നില്‍ക്കുകയാണ് ഇന്ത്യാ-പാക് ബന്ധം. പുല്‍വാമയില്‍ ജീവന്‍ വെടിഞ്ഞ സൈനികര്‍ക്ക് വേണ്ടി സ്വന്തം വീടിന് പുല്‍വാമ എന്ന് പേരിട്ടത് വാര്‍ത്തയില്‍ ഇടംപിടിച്ചിരുന്നു. പാകിസ്താന്റെ ചാവേര്‍ ആക്രമണത്തിന് പിന്നലെ ഇന്ത്യ കനത്ത തിരിച്ചടിയും നല്‍കിയിരുന്നു. ആ തിരിച്ചടിയില്‍ ആനന്ദം കൊണ്ട് മകന് മിറാഷ് എന്ന് പേരും നല്‍കിയിരുന്നു. തിരിച്ചടിയ്ക്ക് വേണ്ടി ഇന്ത്യ ഉപയോഗിച്ച യുദ്ധവിമാനം ആണ് മിറാഷ്. ഇപ്പോള്‍ രാജ്യത്തിന് തന്നെ അഭിമാനം ആയ അഭിനന്ദന്റെ പേര് മകന് നല്‍കിയിരിക്കുകയാണ് രാജസ്ഥാനില്‍ നിന്നുള്ള കുടുംബം.
”പൈലറ്റിന്റെ ധീരതയില്‍ ഏറെ അഭിമാനിക്കുന്നു. അദ്ദേഹത്തെ ഓര്‍ക്കാന്‍ വേണ്ടിയാണ് കുഞ്ഞിന് അഭിനന്ദന്‍ എന്നുതന്നെ പേര് നല്‍കിയത്. വലുതാകുമ്പോള്‍ അവന്‍ അഭിനന്ദനെപ്പോലെ ധീരനായ സൈനികന്‍ ആകണമെന്നാണ് എന്റെ ആഗ്രഹം” കുഞ്ഞിന്റെ അമ്മ സപ്നാ ദേവി പറഞ്ഞു. ”അഭിനന്ദന്റെ മോചനവാര്‍ത്തയറിഞ്ഞതോടെ കുടുംബം മുഴുവന്‍ ടെലിവിഷന് മുന്നിലായിരുന്നു. അഭിനന്ദനെ കൈമാറുന്നത് കാണാന്‍ എല്ലാവരും കാത്തിരിക്കുകയായിരുന്നു. അപ്പോഴാണ് മകള്‍ക്ക് പ്രസവവേദന വന്നതും അവളെ ആശുപത്രിയില്‍ കൊണ്ടുപോയതും”- കുഞ്ഞിന്റെ മുത്തച്ഛന്‍ ജനേഷ് ഭൂട്ടാനി പറയുന്നു.
”വ്യോമസേന പൈലറ്റിനോടുള്ള ആദരസൂചകമായിട്ടാണ് അവന് അഭിനന്ദന്‍ എന്ന് പേര് നല്‍കിയത്. അഭിനന്ദനെയോര്‍ത്ത് വളരെയധികം അഭിമാനമുണ്ട്. അതുകൊണ്ടാണ് കുഞ്ഞിന് അങ്ങനെ പേരുനല്‍കിയത്”-ഭൂട്ടാനി കൂട്ടിച്ചേര്‍ത്തു. രാജസ്ഥാനിലെ അല്‍വാര്‍ സ്വദേശികളാണ് കുടുംബം. ഫെബ്രുവരി 27നാണ് അഭിനന്ദന്‍ പാകിസ്താന്‍ പിടിയിലായത്. മാര്‍ച്ച് ഒന്നിന് വാഗാ അതിര്‍ത്തി വഴി ഇന്ത്യന്‍ മണ്ണില്‍ തിരിച്ചെത്തി. വാഗ അതിര്‍ത്തിയില്‍ മുതിര്‍ന്ന വ്യോമസേന ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് സ്വീകരിച്ചു. രാജ്യമെമ്പാടും ആവേശതിമിര്‍പ്പിലാണ്. അഭിനന്ദനെ അഭിനന്ദനങ്ങള്‍ കൊണ്ടും ആദരവുകൊണ്ടും മൂടുകയാണ് സോഷ്യല്‍മീഡിയ.