ന്യൂഡല്‍ഹി: പ്രമുഖ ടെലികോം കമ്പനികള്‍ എല്ലാം പോണ്‍ സൈറ്റുകള്‍ നിരോധിക്കാനൊരുങ്ങുന്നു. റിലയന്‍സ് ജിയോ നെറ്റ്‌വര്‍ക്ക് പോണ്‍ സൈറ്റുകള്‍ നിരോധിച്ചതിന് പിന്നാലെയാണ് രാജ്യത്തെ മറ്റ് പ്രധാന ടെലികോം കമ്പനികളും നിരോധനത്തിനൊരുങ്ങുന്നത്. എയര്‍ടെല്‍, വോഡഫോണ്‍,ഐഡിയ, ബിഎസ്എന്‍എല്‍ കമ്പനികളും നിരോധനം നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ്.
ടെലികോം മന്ത്രാലയം നല്‍കിയ പട്ടികയിലെ 827 സൈറ്റുകളാണ് ബ്ലോക്ക് ചെയ്യുന്നത്. മറ്റുകമ്പനികളും ഉത്തരവ് നടപ്പിലാക്കുന്നതോടെ രാജ്യത്ത് സമ്പൂര്‍ണ പോണ്‍നിരോധനം നടപ്പിലക്കാനാണ് ഒരുങ്ങുന്നത്. ഉത്തരാഖണ്ഡില്‍ വിദ്യാര്‍ഥിനിയെ സഹപാഠികള്‍ കൂട്ട ബലാല്‍സംഗത്തിന് ഇരയാക്കിയ കേസ് പരിഗണിക്കവെയാണ് ഉത്തരാഖണ്ഡ് ഹൈക്കോടതി സമ്പൂര്‍ണ നിരോധനം ആവശ്യപ്പെട്ടത്.
അശ്ലീല വീഡിയോകള്‍ കണ്ടശേഷമാണ് പീഡനം നടത്തിയതെന്ന വിദ്യാര്‍ഥികളുടെ വെളിപ്പെടുത്തലാണ് അശ്ലീല സൈറ്റുകള്‍ക്ക് നിയന്ത്രണം എര്‍പ്പെടുത്തണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് ടെലികോം മന്ത്രാലയം പുറപ്പെടുവിക്കുന്നത്.
ആക്ടിങ് ചീഫ് ജസ്റ്റിസ് രാജീവ് ശര്‍മയും ജസ്റ്റിസ് മനോജ് തിവാരിയും അടങ്ങിയ ബഞ്ചാണ് കേന്ദ്രസര്‍ക്കാരിനോട് നിരോധനം ആവശ്യപ്പെട്ടത്. 857 സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാനാണ് ഹൈക്കോടതിയുടെ നിര്‍ദേശം.