ശ്രീനര്‍: പാക് പ്രകോപനം തുടരുന്നതിനിടെ അതിര്‍ത്തിയില്‍ നിന്ന് ആളുകള്‍ ഒഴിഞ്ഞു പോകുന്നു. പാകിസ്താന് അതിര്‍ത്തിയിലെ ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്തുന്ന സാഹചര്യത്തിലാണ് ആളുകള്‍ അതിര്‍ത്തിയില്‍ നിന്ന് ഒഴിഞ്ഞു പോകുന്നത്. നിയന്ത്രണ രേഖയില്‍ പലയിടത്തും ഇപ്പോഴും ആക്രമണം തുടരുകയാണ്. ഇതിനിടെ പൂഞ്ചില്‍ പാക് സേന നടത്തിയ ഷെല്ലാക്രമണത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്.
മോര്‍ട്ടര്‍ ബോംബുകളും ഹൊവിറ്റ്സര്‍ 105 എംഎം തോക്കുകളും ഉപയോഗിച്ചാണ് പാക് സേന ജനവാസ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തുന്നത്. റുബാന കോസര്‍(24), മകന് ഫര്സാന് (5), ഒമ്പത് മാസം പ്രായമായ മകള്‍ ഷബ്നം എന്നിവരാണ് പൂഞ്ചിലെ സലോത്രിയിലുണ്ടായ പാക് ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ, പൂഞ്ച്, രജൗരി, ജമ്മു, ബാരാമുള്ള ജില്ലകളിലെ നിയന്ത്രണ രേഖകളിലായി 60 ലേറെ തവണയാണ് പാക് സേന വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ആക്രമണം നടത്തിയത്.
Discussion about this post