ന്യൂഡല്‍ഹി: ഏറെ നാലത്തെ ചര്‍ച്ചയാണ് പ്രധാനമന്ത്രി പദത്തിലേയ്ക്ക് നിതിന്‍ ഗഡ്കരിയോ മോഡിയോ എന്ന്. ഇപ്പോള്‍ ആ ചോദ്യത്തിന് അന്ത്യം കുറിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് നിതിന്‍ ഗഡ്കരി. താന്‍ തികഞ്ഞ ആര്‍എസ്എസുകാരനാണെന്നും പ്രധാനമന്ത്രി പദത്തിനായുള്ള മത്സരത്തിന് താന്‍ ഇല്ലെന്നുമാണ് നേതാവ് വ്യക്തമാക്കിയത്.
‘പ്രധാനമന്ത്രി പദം നേടാനായി ഞാന്‍ ഒന്നും ചെയ്യുന്നില്ല. പ്രധാനമന്ത്രി പദത്തിനായുള്ള മത്സരത്തിലും ഞാന്‍ ഇല്ല. നരേന്ദ്രമോദിയാണ് നമ്മുടെ പ്രധാനമന്ത്രി. തെരഞ്ഞെടുപ്പിന് ശേഷവും മോഡി തന്നെ ആ പദവിയില്‍ തുടരും’ ഗഡ്ഗരി പറഞ്ഞു. ഞാന്‍ ഒരു ആര്‍എസ്എസുകാരനാണ്. രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുക എന്നതാണ് എന്റെ ദൗത്യം. മോഡി ഭരണത്തിന് കീഴില്‍ രാജ്യം പുരോഗമിക്കുന്നുണ്ട്. ഞങ്ങള്‍ എല്ലാം അദ്ദേഹത്തിന് പിറകിലുണ്ട്. അദ്ദേഹത്തിന്റെ സ്വപ്നസാക്ഷാത്ക്കാരത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടത്തില്‍ ഒരാള്‍ മാത്രമാണ് ഞാന്‍.
എന്നെ പ്രധാനമന്ത്രിയാക്കുമോ എന്ന ചോദ്യം എവിടെ നിന്നാണ് ഉയര്‍ന്നത്? ഗഡ്കരി ചോദിക്കുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 200 സീറ്റ് നേടിയാല്‍ താങ്കള്‍ പ്രധാനമന്ത്രി പദത്തിലെത്തുമോ എന്ന ചോദ്യത്തിന് അതൊരു പകല്‍കിനാവ് മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് മുക്ത ഭാരതത്തെ കുറിച്ചുള്ള ചോദ്യത്തിന് ബിജെപിയുടേയും കോണ്‍ഗ്രസിന്റേയും പ്രത്യയശാസ്ത്രം രണ്ടാണെന്നും എങ്കിലും ഇരുപാര്‍ട്ടികളും ശത്രുക്കള്‍ അല്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
Discussion about this post