ഛണ്ഡീഗഢ്: രാജ്യത്തിന്റെ സുരക്ഷയ്ക്കായി പോരാടുന്നതിനിടയില്‍ കാശ്മീരിലെ ബുദ്ഗാമില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് കൊല്ലപ്പെട്ട വ്യോമസേനാ പൈലറ്റും സ്‌ക്വാഡ്രണ്‍ ലീഡറുമായ സിദ്ധാര്‍ത്ഥ് വസിഷ്ഠിന് പൂര്‍ണ്ണ സൈനിക ബഹുമതികളോടെ രാജ്യം യാത്രാമൊഴി നല്‍കി.
അതേസമയം, ഒരു തുള്ളി കണ്ണീര്‍ പൊഴിക്കാതെ പതര്‍ച്ചയേതുമില്ലാതെ ഭര്‍ത്താവിന്റെ ശവമഞ്ചത്തിനരികെ നിലയുറപ്പിച്ച ഭാര്യയും സഹപ്രവര്‍ത്തകയുമായ സ്‌ക്വാഡ്രണ്‍ ലീഡര്‍ ആരതി സിങ് കണ്ടുനിന്നവരരുടെ നെഞ്ചിലെ നോവായി മാറി.
കരച്ചില്‍ അടക്കി സധൈര്യത്തോടെ സിദ്ധാര്‍ത്ഥ് വസിഷ്ഠിന്റെ ഭൗതിക ശരീരത്തിന് മുന്നില്‍ ആദരവോടെ നില്‍ക്കുന്ന ആരതി സിങിന്റെ ചിത്രം സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയാവുകയാണ്. സിദ്ധാര്‍ത്ഥിന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ ആരതി സിങിനൊപ്പം സൈനിക ഉദ്യോഗസ്ഥരും പ്രാദേശിക രാഷ്ട്രീയ നേതാക്കളുമുണ്ടായിരുന്നു.
കേരളത്തിനും സിദ്ധാര്‍ത്ഥിനോടുള്ള കടപ്പാട് ഒടുങ്ങാത്തതാണ്. പ്രളയകാലത്ത് കേരളത്തിലെത്തിയ വ്യോമസേനയുടെ രക്ഷാപ്രവര്‍ത്തന സംഘത്തില്‍ സിദ്ധാര്‍ത്ഥും അംഗമായിരുന്നു. ഈ സേവനത്തിന് കഴിഞ്ഞ മാസം അദ്ദേഹത്തിന് അംഗീകാരവും ലഭിച്ചിരുന്നു.
പുല്‍വാമ ഭീകരക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടയിലാണ് ബുദ്ഗാമില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് സിദ്ധാര്‍ത്ഥടക്കം ആറ് വ്യോമസേന ഉദ്യോഗസ്ഥരും ഒരു സാധാരണക്കാരനും കൊല്ലപ്പെട്ടത്. 31-കാരനായ സിദ്ധാര്‍ത്ഥ് 2010-ലാണ് വ്യോമസേനയില്‍ ചേരുന്നത്.