ജമ്മു കാശ്മീര്‍: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന് നടത്തിയ ആക്രമണത്തില്‍ അമ്മയും കുട്ടികളുമടക്കം മൂന്നുപേര്‍ കൊല്ലപ്പെട്ടു. പൂഞ്ച് ജില്ലയിലെ സലോത്രിയിലാണ് സംഭവം. പാകിസ്താന് നടത്തിയ ഷെല്ലാക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടത്.
റുബാന കൗസര്‍ (24) ഇവരുടെ മകന് ഫസാന് (5), ഒമ്പതുമാസം പ്രായമുള്ള മകള്‍ ഷബ്നം എന്നിവരാണ് പാക് ഷെല്ലാക്രമണത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടത്. റുബാന കൗസറിന്റെ ഭര്‍ത്താവ് ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് പരിക്കേറ്റു. നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭാവിച്ചതായും സൈനികവൃത്തങ്ങള്‍ അറിയിച്ചു. ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ ഇന്ത്യ-പാക് നിയന്ത്രണ രേഖക്ക് 5 കിലോമീറ്റര്‍ ചുറ്റളവിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചു.
പൂഞ്ചിലെ സലോത്രി, മന്‍കോട്ട്, കൃഷ്ണഗടി, ബാലകോട്ട് എന്നിവിടങ്ങളിലും പാകിസ്താന്റെ ഭാഗത്തുനിന്ന് ഷെല്ലാക്രമണം നടക്കുന്നുണ്ട്. എട്ടുദിവസമായി പാകിസ്താന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പ്രകോപനം തുടരുകയാണ്.
പൂഞ്ച്, രജൗറി, ജമ്മു, ബാരാമുള്ള ജില്ലകളില്‍ ജനവാസകേന്ദ്രങ്ങളും സൈനിക പോസ്റ്റുകളും ലക്ഷ്യമിട്ട് തുടര്‍ച്ചയായി പാക് സൈന്യം വെടിവെക്കുന്നുണ്ട്. വെടിവെപ്പില്‍ ഒരു സ്ത്രീ കൊല്ലപ്പെടുകയും ഒമ്പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 60 തവണയാണ് കഴിഞ്ഞ ഒരാഴ്ചക്കിടെ പാകിസ്താന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരിക്കുന്നത്.
Discussion about this post