‘അഭിനന്ദന് സ്വാഗതം, നിങ്ങളാണ് യഥാര്‍ത്ഥ ഹീറോ!’ വിങ് കമാന്റര്‍ക്ക് സ്വാഗതമോതി സാനിയ മിര്‍സ; താന്‍ ഇതുവരെ ഭയത്തിലായിരുന്നു എന്ന് ഗംഭീര്‍; കായിക ലോകവും ആഘോഷത്തില്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ എയര്‍ഫോഴ്സ് വിങ് കമാന്റര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍ സ്വന്തം രാജ്യത്ത് തിരിച്ചെത്തിയതിനു പിന്നാലെ സ്വാഗതം ചെയ്ത് ടെന്നീസ് താരവും പാകിസ്താന്റെ മരുമകളുമായ സാനിയ മിര്‍സ. അഭിനന്ദന്‍ തിരികെ എത്തിയതില്‍ സന്തോഷം പ്രകടിപ്പിച്ച് ഇന്ത്യന്‍ കായികരംഗം മുഴുവനായും രംഗത്തെത്തിയിരുന്നു. സച്ചിന്‍ തെണ്ടുല്‍ക്കര്‍, വിരാട് കോഹ്‌ലി,വിവിഎസ് ലക്ഷ്മണ്‍, ഗൗതം ഗംഭീര്‍, സൈന നെഹ്‌വാള്‍, തുടങ്ങി നിരവധി കായിക താരങ്ങളാണ് അഭിനന്ദനെ സ്വാഗതം ചെയ്തും ആദരവര്‍പ്പിച്ചും ട്വീറ്റ് ചെയ്തത്.

‘വിങ്ങ് കമാന്‍ഡര്‍ അഭിനന്ദന് സ്വാഗതം.. നിങ്ങള്‍ എല്ലാ അര്‍ത്ഥത്തിലും ഞങ്ങളുടെ യഥാര്‍ത്ഥ ഹീറോ ആണ്. നിങ്ങളുടെ ധൈര്യത്തിനും നിങ്ങള്‍ കാണിച്ച മാന്യതയ്ക്കും ഞങ്ങള്‍ അഭിവാദ്യം അര്‍പ്പിക്കുന്നു’ എന്നാണ് സാനിയ മിര്‍സ ട്വിറ്ററില്‍ കുറിച്ചത്.

‘അഭിനന്ദന്‍ തിരിച്ചെത്തുംവരെ താന്‍ ഭയത്തിലായിരുന്നു. എന്നാല്‍ ഇന്ത്യക്ക് മകനെ തിരിച്ചുകിട്ടിയതില്‍ സന്തോഷിക്കുന്നൂ. എന്നായിരുന്നു ഗംഭീറിന്റെ ട്വീറ്റ്. യഥാര്‍ത്ഥ നായകനായ അങ്ങയുടെ ധീരതയ്ക്ക് മുന്നില്‍ താന്‍ തല കുനിക്കുന്നു എന്നായിരുന്നു ക്രിക്കറ്റ് നാ യകന്‍ വിരാട് കോഹ്‌ലിയുടെ ട്വീറ്റ്.

അതേസമയം, വാഗാ അതിര്‍ത്തിയില്‍ വ്യോമസേനയുടെ പ്രത്യേക സംഘമാണ് അഭിനന്ദനെ ഇന്നലെ രാത്രിയോടെ സ്വീകരിച്ചത്. അഭിനന്ദന്റെ മാതാപിതാക്കളും ബന്ധുക്കളും അദ്ദേഹത്തെ സ്വീകരിക്കാനായി വാഗാ അതിര്‍ത്തിയില്‍ എത്തിയിരുന്നു. പൊതു ജനങ്ങള്‍ക്ക് വാഗാ അതിര്‍ത്തിയിലേക്ക് പ്രവേശനമുണ്ടായിരുന്നില്ലെങ്കിലും പുറത്ത് വന്‍ ജനസഞ്ചയമാണ് അഭിനന്ദന്‍ വര്‍ദ്ധമാനെ കാത്തുനിന്നിരുന്നത്.

അഭിനന്ദനെ കൈമാറുന്ന വേളയില്‍ എയര്‍ വൈസ് മാര്‍ഷല്‍മാരായ പ്രഭാകരനും ആര്‍ജികെ കപൂറും ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.

Exit mobile version