ചെന്നൈ: ഈ ആഘോഷം തമിഴ്‌നാടിന്റേത് കൂടിയാണ്. സ്വന്തം മണ്ണില്‍ ഭാരതത്തിന്റെ വീരപുത്രന്‍ വന്നിറങ്ങിയപ്പോള്‍ ചെന്നൈ നഗരത്തില്‍ ആഹ്ലാദത്തിന്റെ തിരയിളകുകയായിരുന്നു. ഇന്ത്യയുടെ എയര്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍ വാഗാ അതിര്‍ത്തിയില്‍ എത്തിയതിനു പിന്നാലെ ആരംഭിച്ച ആഘോഷം, അദ്ദേഹം ചെന്നൈയിലെത്തുന്നത് വരെ തുടരുമെന്ന് പ്രദേശത്തെ ജനങ്ങള്‍ പറയുന്നു.
‘ഈ ആഘോഷം ട്രെയ്ലര്‍ മാത്രം, ശരിക്കുള്ള ആഘോഷം അദ്ദേഹം ഇവിടേക്ക് എത്തുമ്പോള്‍’- ചെന്നൈയിലെ അഭിനന്ദന്റെ വീടിനു മുന്നില്‍ ആരവങ്ങളുമായി ഒത്തുകൂടിയവരുടെ വാക്കുകള്‍ ഇങ്ങനെ. അഭിനന്ദന്റെ ജന്മനാടായ തിരുവണ്ണാമലയും ഇപ്പോള്‍ താമസിക്കുന്ന ചെന്നൈയിലും അദ്ദേഹത്തിന്റെ മടങ്ങിവരവ് ആഘോഷമാക്കിയത് പടക്കം പൊട്ടിച്ചും മധുരപലഹാരങ്ങള്‍ വിതരണം ചെയ്തും വര്‍ണപ്പൊടികള്‍ വാരി വിതറിയുമായിരുന്നു. അഭിനന്ദന്‍, അങ്ങയെ ഓര്‍ത്ത് അഭിമാനിക്കുന്നുവെന്നെഴുതിയ ബാനറുകളുമായാണു കുട്ടികളെത്തിയത്. തിരുവണ്ണാമലയിലെ ജൈനക്ഷേത്രങ്ങളില്‍ ഇന്നലെയും പൂജ നടന്നു.
ചെന്നൈ പാരിസിലെ പ്രസിദ്ധമായ കാളികാംപല്‍ കോവിലില്‍ തമിഴ്‌നാട് ഹോം ഗാര്‍ഡിന്റെ നേതൃത്വത്തില്‍ നടത്തിയ പൂജയില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. സുരക്ഷിതനായി തിരിച്ചെത്തുന്നതിനായി അഭിനന്ദന്റെ ഫൊട്ടോയുള്‍പ്പെടെ വച്ചായിരുന്നു പൂജ.
അഭിനന്ദന്റെ മാതാപിതാക്കള്‍ വ്യാഴാഴ്ച രാത്രി തന്നെ ഡല്‍ഹിയിലേക്കു പോയെങ്കിലും അവര്‍ താമസിക്കുന്ന മാടംപക്കം ജല്‍വായു വിഹാറിലെ വീടിനു മുന്നില്‍ ആഘോഷത്തിനു കുറവുണ്ടായില്ല. മധുരം വിതരണം ചെയ്തും പടക്കം പൊട്ടിച്ചും ആഘോഷം കൊഴുക്കുകയാണ് ഇവിടെ.
Discussion about this post