ന്യൂഡല്‍ഹി: ഇന്ത്യയില്‍ തിരിച്ചെത്തിയതിന്റെ സന്തോഷം പങ്കുവച്ച് വിംഗ് കമാന്‍ഡര്‍ അഭിനന്ദന് വര്ധമാന്. മാതൃരാജ്യത്ത് തിരിച്ചെത്താനായതില്‍ സന്തോഷം അറിയിച്ചെന്ന് ഡെപ്യൂട്ടി കമ്മിഷണര്‍ മാധ്യമങ്ങളോട് പറഞ്ഞു.
പാകിസ്താന്റെ കസ്റ്റഡിയിലായിരുന്ന അഭിനന്ദന് രാജ്യത്ത് തിരിച്ചെത്തിയതിന്റെ ആഹ്ളാദത്തിലാണ് നൂറ്റിമുപ്പത്തിയഞ്ച്കോടി ജനങ്ങളും. വാഗാ അതിര്‍ത്തിയില്‍ വച്ച് രാത്രി 9.20ഓടെയാണ് നീണ്ട മണിക്കൂറുകളുടെ ആശയക്കുഴപ്പത്തിനൊടുവില്‍ അഭിനന്ദന് വര്‍ധമാനെ പാകിസ്താന് ഇന്ത്യക്ക് കൈമാറിയത്.
നെഞ്ച് വിരിച്ച് എത്തിയ അഭിനന്ദനെ കാണാന്‍ വാഗ അതിര്‍ത്തിയില്‍ ആയിരങ്ങളാണ് എത്തിച്ചേര്‍ന്നത്. റെഡ് ക്രോസിന്റെ മെഡിക്കല്‍ പരിശോധനകളടക്കമുള്ള നിരവധി നടപടിക്രമങ്ങള്‍ക്കും പ്രോട്ടോകോളുകള്‍ക്കും പിന്നാലെയാണ് സൈനികനെ പാകിസ്താന് ഇന്ത്യക്ക് കൈമാറിയത്. പാകിസ്താനി റേഞ്ചേഴ്സാണ് അഭിനന്ദനെ ബിഎസ്എഫിന് കൈമാറിയത്. മുതിര്‍ന്ന വ്യോമസേനാ ഉദ്യോഗസ്ഥര്‍ അഭിനന്ദനെ സ്വീകരിച്ചു.
അത്താരിയില്‍ നിന്നും അമൃത്സറിലേക്ക് കൊണ്ടു പോകുന്ന അഭിനന്ദിനെ പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലേക്ക് കൊണ്ടുപോകും. ഇവിടെ നിന്നും ഇന്ത്യന്‍ എയര്‍ഫോഴ്സ് ഇന്റലിജന്‍സ് യൂണിറ്റിലേക്കാണ് കൊണ്ടുപോകുക.
Discussion about this post