അഭിനന്ദനെ വരവേല്‍ക്കാന്‍ ഡല്‍ഹിയിലേക്ക് തിരിച്ച മാതാപിതാക്കള്‍ക്ക് വിമാനത്തില്‍ ആദരവ്; എഴുന്നേറ്റ് നിന്ന് കൈയ്യടിച്ച് സഹയാത്രികര്‍; കണ്ണുനിറഞ്ഞ് സിങ്കക്കുട്ടിയും ശോഭ വര്‍ദ്ധമാനും

ന്യൂഡല്‍ഹി: പ്രാര്‍ത്ഥനകള്‍ നയതന്ത്ര നീക്കങ്ങള്‍ക്കും പിന്നാലെ ഇന്ത്യയുടെ എയര്‍വിങ് കമാന്റര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍ ഇന്ന് ഉച്ചയ്ക്ക് ഇന്ത്യന്‍ മണ്ണില്‍ തിരിച്ചെത്തും. പാകിസ്താന്‍ വാഗാ അതിര്‍ത്തിയില്‍ വെച്ച് അഭിനന്ദനെ ഇന്ത്യയ്ക്ക് കൈമാറുമെന്നാണ് അറിയിച്ചിരിക്കുന്നത്. ദേശീയ പതാകയുമേന്തി പ്രമുഖരായ നേതാക്കളും ബന്ധുക്കളും ജനങ്ങളും ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തി ചേര്‍ന്നിട്ടുണ്ട്.

അതേസമയം, അഭിനന്ദനെ സ്വീകരിക്കാനായി അതിര്‍ത്തിയിലേക്ക് പോകാനായി ചെന്നൈയില്‍ നിന്നും ഡല്‍ഹിയിലേക്ക് വിമാനം കയറിയ അഭിനന്ദന്റെ പിതാവ് സിങ്കക്കുട്ടി വര്‍ദ്ധമാനും അമ്മ ശോഭ വര്‍ദ്ധമാനും ലഭിച്ചത് വ്യത്യസ്തമായ അനുഭവം. ഇരുവര്‍ക്കും വിമാനത്തില്‍ സഹയാത്രികരുടെ ഭാഗത്തു നിന്നും ലഭിച്ചത് അളവില്ലാത്ത സ്‌നേഹവും ആദരവും.

വിമാനത്തില്‍ നിന്നും പുറത്തിറങ്ങാനായി തിരക്കുകൂട്ടാതെ യാത്രക്കാര്‍ ഓരോരുത്തരും അഭിനന്ദന്‍ വര്‍ധമാന്റെ മാതാപിതാക്കള്‍ക്കായി ക്ഷമയോടെ കാത്തുനില്‍ക്കുകയായിരുന്നു. അമൃത്സറിലേക്കു പോകും വഴിയാണ് വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്റെ മാതാപിതാക്കള്‍ ന്യൂഡല്‍ഹിയില്‍ ഇറങ്ങിയത്. വാഗാ അതിര്‍ത്തിയില്‍ രാജ്യത്തിന്റെ അഭിമാന പുത്രന് വരവേല്‍പ്പ് നല്‍കാന്‍ പോകുന്ന അച്ഛനമ്മമാര്‍ക്ക് ഹൃദയം കൊണ്ടൊരു സല്യൂട്ട് നല്‍കുകയായിരുന്നു സഹയാത്രികര്‍. അഭിനന്ദന്റെ പ്രിയപ്പെട്ടവരെ എഴുന്നേറ്റ് നിന്ന് കരഘോഷം മുഴക്കിയാണ് സഹയാത്രികര്‍ ആദരിച്ചത്. 41 വര്‍ഷം ഇന്ത്യന്‍ വ്യോമസേനയിലെ വൈമാനികനായിരുന്നു അഭിനന്ദിന്റെ പിതാവ് സിങ്കക്കുട്ടി വര്‍ദ്ധമാന്‍. അമ്മ ശോഭാ വര്‍ദ്ധമാന്‍ ഡോക്ടറാണ്.

ബോംബ് വര്‍ഷിച്ച് നിയന്ത്രണരേഖ ലംഘിച്ച പാക് പോര്‍വിമാനങ്ങളെ തുരത്തുന്നതിനിടെയാണ് അഭിനന്ദന്‍ പാകിസ്താന്‍ പിടിയിലായത്. ഇന്ത്യന്‍ വൈമാനികനെ ഇന്ന് ഉച്ചയ്ക്ക് 12ന് ഇന്ത്യക്ക് കൈമാറും എന്നാണ് ഏറ്റവും ഒടുവില്‍ ലഭിച്ച വിവരം. വ്യോമസേനാ വിഭാഗം അഭിനന്ദനെ സ്വീകരിക്കും. 30 മണിക്കൂര്‍ നീണ്ട അനിശ്ചിതത്വത്തിന് ഒടുവിലാണ് അഭിനന്ദനെ വിട്ടയ്ക്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചത്. ജനീവ ഉടമ്പടി പ്രകാരമാണ് കൈമാറ്റം.

Exit mobile version