ന്യൂഡല്‍ഹി: ഇന്ത്യയുടെ ധീരപുത്രന് അഭിനന്ദന് വര്ദ്ധമാന് പിടിയിലാകുന്നത് ഇന്ത്യന്‍ വ്യോമാതിര്‍ത്തി കടന്ന് ബോംബാക്രമണം നടത്തിയ പാകിസ്താന്റെ എഫ് 16 യുദ്ധവിമാനത്തെ മിഗ് വിമാനത്തില്‍ പിന്തുടര്ന്ന് തുരത്തുന്നതിനിടയില്‍. ആര് 73 മിസൈല്‍ ഉപയോഗിച്ചു എഫ്-16നെ തകര്‍ത്തതും വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ദ്ധമാനാണ്. ഇദ്ദേഹം പറത്തിയ മിഗ് 21 ബൈസന്‍ യുദ്ധവിമാനം തകരുന്നതിനു നിമിഷങ്ങള്‍ മുന്‍പാണ് ഹ്രസ്വദൂര എയര്‍ ടു എയര്‍ മിസൈലായ ആര് 73 ഉപയോഗിച്ച് അഭിനന്ദന് എഫ് 16 പോര്‍വിമാനം വീഴ്ത്തിയത്.
സാങ്കേതിക മികവില്‍, മിഗ് 21 ബൈസന്‍ വിമാനത്തെക്കാള്‍ മികച്ചതെന്നു അന്താരാഷ്ട്രതലത്തില്‍ വിലയിരുത്തപ്പെടുന്ന യുഎസ് നിര്‍മ്മിത എഫ് 16 യുദ്ധവിമാനത്തെ പിന്തുടര്ന്നു വീഴ്ത്തുകയായിരുന്നു അഭിനന്ദന്. ഫൈറ്റര്‍ പൈലറ്റ് എന്ന നിലയില്‍ അഭിനന്ദന്റെ അസാമാന്യ മികവിനു ഉദാഹരണമാണ് ഇതെന്ന് സേനാ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഒരു ഘട്ടത്തില്‍ 2 എഫ് 16 വിമാനങ്ങള്‍ക്കിടയില്‍ കുടുങ്ങിയ അഭിനന്ദന് മനസ്സാന്നിധ്യം കൈവിടാതെ നടത്തിയ പ്രത്യാക്രമണമാണ് ഒരു വിമാനത്തെ കീഴ്പ്പെടുത്തുന്നതിലും മറ്റ് പാക് വിമാനങ്ങളെ തിരികെ പാകിസ്താനിലേക്ക് തിരിച്ച് ഓടിക്കുന്നതിലും വിജയിച്ചത്. വ്യോമാതിര്‍ത്തി ലംഘിച്ച പാക് എഫ് 16 വിമാനത്തെ മിഗ് 21 ബൈസന്‍ ആണു തകര്‍ത്തതെന്നും പാക് അധീന കശ്മീരില്‍ പതിച്ച ഈ വിമാനത്തില്‍ നിന്ന് അവരുടെ 2 പൈലറ്റുമാര്‍ പാരച്യൂട്ട് വഴി താഴെയിറങ്ങിയെന്നും ഇന്ത്യന്‍ വ്യോമസേനാ എയര്‍ വൈസ് മാര്‍ഷല്‍ ആര്‍ജികെ കപൂര്‍ വ്യക്തമാക്കി.
എഫ് 16നെ വിടാതെ പിന്തുടര്ന്നാണു അഭിനന്ദന് അതിനെ കീഴ്പ്പെടുത്തിയത്. തുടര്‍ന്നു നിയന്ത്രണം നഷ്ടപ്പെട്ട വിമാനത്തില്‍നിന്ന് അപായം തിരിച്ചറിഞ്ഞ് സ്വയം പുറത്തേക്കു തെറിച്ച (ഇജക്ട്) അദ്ദേഹം പാരച്യൂട്ട് വഴി പാക് അധീന കാശ്മീരില്‍ ഇറങ്ങുകയായിരുന്നു.
Discussion about this post