ന്യൂഡല്‍ഹി: പടിഞ്ഞാറന്‍ വ്യോമ കമാന്‍ഡിന്റെ തലപ്പത്ത് വീണ്ടും മലയാളി. കണ്ണൂര്‍ കാടാച്ചിറ സ്വദേശിയും നിലവില്‍ കിഴക്കന്‍ വ്യോമ കമാന്‍ഡ് മേധാവിയുമായ എയര്‍മാര്‍ഷല്‍ രഘുനാഥ് നമ്പ്യാരെ പടിഞ്ഞാറന്‍ വ്യോമ കമാന്‍ഡിന്റെ പുതിയ കമാന്‍ഡിങ് ഇന്‍ ചീഫ് ആയി നിയമിച്ചു. ചെങ്ങന്നൂര്‍ സ്വദേശിയും പടിഞ്ഞാറന്‍ വ്യോമ കമാന്‍ഡ് മേധാവിയുമായ എയര്‍മാര്‍ഷല്‍ ചന്ദ്രശേഖരന്‍ ഹരികുമാര്‍ സര്‍വ്വീസില്‍ നിന്ന് പിരിയുന്ന ഒഴിവിലാണ് നിയമനം.
വടക്കന്‍ രാജസ്ഥാനിലെ ബിക്കാനീര്‍ മുതല്‍ സിയാച്ചിന്‍ ഗ്ലേസിയര്‍ വരെയുള്ള മേഖല ഉള്‍പ്പെടുന്നതാണ് ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പശ്ചിമ എയര്‍കമാന്‍ഡ്. ഇന്ത്യന്‍ വ്യോമസേനയുടെ ആകെയുള്ള ബേസ് സ്റ്റേഷനുകളില്‍ നാല്‍പ്പത് ശതമാനവും പശ്ചിമ എയര്‍ കമാന്‍ഡിന് കീഴിലാണ്.
കാര്‍ഗില്‍ യുദ്ധകാലത്ത് ലേസര്‍ നിയന്ത്രിത ബോംബുകള്‍ വര്‍ഷിച്ച് പാകിസ്താന്‍ സേനയെ നേരിട്ട എയര്‍മാര്‍ഷല്‍ രഘുനാഥ് നമ്പ്യാരെ കാര്‍ഗില്‍ യുദ്ധത്തിലെ ഹീറോ എന്നാണ് വിശേഷിപ്പിക്കുന്നത്. ഇന്ത്യന്‍ വ്യോമസേനയുടെ മിറാഷ്-2000 യുദ്ധവിമാനം ഏറ്റവും കൂടുതല്‍ മണിക്കൂറുകള്‍ പറപ്പിച്ചതിന്റെ റെക്കോര്‍ഡ് ഇപ്പോള്‍ അദ്ദേഹത്തിന്റെ പേരിലാണ്. കാര്‍ഗില്‍ യുദ്ധകാലത്ത് മിറാഷ് 2000 സ്വക്രോഡിനെ നയിച്ച രഘുനാഥ് 25-ഓളം ഓപ്പറേഷനുകളില്‍ പങ്കാളിയായിരുന്നു. പരമവിശിഷ്ട സേവാ മെഡല്‍, അതിവിശിഷ്ടസേവാ മെഡല്‍, വ്യോമസേന മെഡലുകള്‍ ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.
Discussion about this post