അബുദാബി: ഇസ്ലാമിക് രാജ്യങ്ങളുടെ അന്താരാഷ്ട്ര സമ്മേളനത്തില്‍ തീവ്രവാദ വിഷയം ഉന്നയിക്കാനൊരുങ്ങി ഇന്ത്യയുടെ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. സമ്മേളനത്തില്‍ വിശിഷ്ടാതിഥിയായി ആണ് സുഷമ സ്വരാജ് പങ്കെടുക്കുന്നത്. സുഷമയെ ക്ഷണിച്ചതില്‍ പ്രതിഷേധിച്ച് പാകിസ്താന്‍ സമ്മേളനത്തില്‍ നിന്ന് പിന്മാറിയിരുന്നു.
എന്നാല്‍, തീവ്രവാദ വിഷയം സമ്മേളനത്തില്‍ ഉന്നയിച്ചാല്‍ അത് പാകിസ്താന് രാജ്യാന്തര വേദിയില്‍ വലിയ തിരിച്ചടിയാകും. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താന്‍ നടപടികള്‍ എടുക്കണമെന്ന് സൗദി അടക്കം ആവശ്യപ്പെട്ടിരുന്നു. തീവ്രവാദത്തിനെതിരെ ഒന്നിച്ച് നില്‍ക്കുക എന്ന ലക്ഷ്യം കൂടുതല്‍ ഊര്‍ജിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാകും സുഷമ സ്വരാജ് ഈ വിഷയം സമ്മേളനത്തില്‍ ഉയര്‍ത്തുക.
ഇന്നും നാളെയുമായി അബുദാബിയിലാണ് ഇസ്ലാമിക രാഷ്ട്രങ്ങളിലെ അന്താരാഷ്ട്ര സമ്മേളനം നടക്കുന്നത്. ഇതിലേക്ക് ഇന്ത്യയെ വിളിച്ചതില്‍ നേരത്തേ പാകിസ്താന്‍ പ്രതിഷേധമറിയിച്ചിരുന്നു. ബലാകോട്ട് പ്രത്യാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയെ ഒഴിവാക്കണമെന്ന് പാകിസ്താന്‍ ആവശ്യപ്പെട്ടു.
എന്നാല്‍ ഇത് യുഎഇ അംഗീകരിച്ചില്ല. ഈ സാഹചര്യത്തിലാണ് യോഗം തന്നെ ബഹിഷ്‌കരിക്കുന്നുവെന്നും സമ്മേളനത്തില്‍ നിന്ന് പിന്‍മാറുന്നുവെന്നും പാകിസ്താന്‍ വ്യക്തമാക്കിയത്. പുല്‍വാമ ഭീകരാക്രമണത്തിന് ബദലായി ബാലാകോട്ടില്‍ ഇന്ത്യ പ്രത്യാക്രമണം നടത്തിയത് അവകാശത്തിന് മേലുള്ള കടന്നു കയറ്റമായാണ് പാകിസ്താന്‍ ചിത്രീകരിക്കുന്നത്.
Discussion about this post