ലഖ്‌നൗ: തന്റെ മക്കള്‍ തങ്ങളേക്കാള്‍ ഉയരത്തില്‍ എത്തണമെന്ന് ആഗ്രഹിക്കുന്നവരാണ് ഓരോ മാതാപിതാക്കളും. ഇവിടെ ഇതാ ഒരു പോലീസ് കോണ്‍സ്റ്റബിളിന്റെ മകന്‍ ഐപിഎസ് ഓഫീസറായ കഥയാണ് സോഷ്യല്‍ മീഡിയയില്‍ നിറകൈയ്യടി നേടുന്നത്.
മകനെ ഞാന്‍ സല്യൂട്ടടിക്കും…
മകന്‍ ഒരു ഐപിഎസ് ഓഫീസറാകണമെന്ന് ഒരിക്കലും സ്വപ്നം കണ്ടിരുന്നില്ലെന്ന് ഉത്തര്‍പ്രദേശ് പോലീസ് കോണ്‍സ്റ്റബിളായ ജനാര്‍ദന്‍ സിങ്ങ് പറയുന്നു. പക്ഷേ ജോലിയും തങ്ങള്‍ തമ്മിലുള്ള ബന്ധവും രണ്ടാണ്. തന്നേക്കാള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരെ താന്‍ സല്യൂട്ട് ചെയ്യാറുണ്ട്. താനും ഒരു ദിവസം മകന്റെ കീഴില്‍ പ്രവര്‍ത്തിക്കേണ്ടി വന്നേക്കാം. അന്ന് അവനെ സല്യൂട്ട് ചെയ്യാന്‍ തനിക്കൊരു മടിയും ഇല്ലെന്നും ഈ പിതാവ് പറയുന്നു. അവനെ ആദ്യം ഞാന്‍ പരിഗണിക്കുന്നത് ഒരു ഓഫീസര്‍ ആയാണ്. പിന്നെയാണ് എന്റെ മകനെന്ന കാര്യം.
മറ്റേതൊരു ഉദ്യോഗസ്ഥനെയും സല്യൂട്ട് ചെയ്യുന്നതുപോലെ ഞാന്‍ അവനെയും സല്യൂട്ട് ചെയ്യും. അവനെ അനുസരിക്കും. ഞങ്ങള്‍ തമ്മിലുള്ള ബന്ധം ഒരിക്കലും ഞങ്ങളുടെ ജോലിയെ ബാധിക്കില്ല.
മകന്‍ അനൂപ് കുമാര്‍ സിങ്ങിനു പറയാനുള്ളത് ഇതാണ്:
അച്ഛനാണ് എന്റെ പ്രചോദനം. അച്ഛന്റെ കാല്‍ തൊട്ടു വന്ദിച്ചാണ് എന്റെ ഓരോ ദിവസവും ആരംഭിക്കുന്നത്. ഒരു തോട്ടക്കാരനാണെങ്കില്‍ ഓരോ ചെടിയെയും സ്വന്തം മക്കളെപ്പോലെ കരുതണമെന്ന് അദ്ദേഹം പറയുമായിരുന്നു. വ്യക്തിജീവിതത്തില്‍ തങ്ങള്‍ അച്ഛനും മകനുമാണ്. എന്നാല്‍ ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങളെ അതു ബാധിക്കില്ലെന്നും തങ്ങള്‍ പാലിക്കേണ്ട എല്ലാ ഉത്തരവാദിത്തങ്ങളും അതുപോലെ തന്നെ പിന്തുടരുമെന്നും അനൂപ് കൂട്ടിച്ചേര്‍ക്കുന്നു.
Discussion about this post