ന്യൂഡല്‍ഹി: കാശ്മീരിലെ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചവരില്‍ കേരളത്തിലെ മഹാപ്രളയത്തില്‍ നിന്നും ജീവനുകള്‍ സംരക്ഷിക്കാന്‍ എത്തിയ രക്ഷകനും ഉണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. കേരളത്തിലെ മഹാപ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ വൈമാനികന് സിദ്ധാര്‍ത്ഥ് വസിഷ്ട് (31) ആണ് അപകടത്തില്‍ മരണപ്പെട്ടത്. ബുധനാഴ്ച ജമ്മു കാശ്മീരിലെ ബുദ്ഗാമിലെ ഗരേന്ദ് കലാന് ഗ്രാമത്തില്‍ എംഐ- 17 ഹെലികോപ്റ്റര്‍ തകര്‍ന്നാണ് സിദ്ധാര്‍ത്ഥ് കൊല്ലപ്പെട്ടത്.
പ്രതിരോധ സേവനത്തിന്റെ നാലാം തലമുറാംഗവും സ്ക്വാഡ്രണ്‍ ലീഡറുമാണ് സിദ്ധാര്‍ത്ഥ്. സിദ്ധാര്‍ത്ഥിന്റെ വിയോഗം ഏവരെയും ദുഃഖത്തിലാഴ്ത്തി. സംസ്ഥാനത്ത് ഓഗസ്റ്റില്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ രക്ഷാപ്രവര്‍ത്തകരുടെ കൂടെ സിദ്ധാര്‍ഥും ഉണ്ടായിരുന്നു. ഒറ്റകയറില്‍ തൂങ്ങി ഓരോ ജീവനുകളും മരണത്തിന്റെ വക്കില്‍ നിന്ന് ജീവിതത്തിന്റെ കരയിലേയ്ക്ക് പിടിച്ച് കയറ്റിയത് പ്രശംസ പിടിച്ചു പറ്റിയിരുന്നു.
17 വര്‍ഷം മുമ്പ് ഒരു ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട ഫൈറ്റര്‍ വൈമാനികനും ബന്ധുവും ആയിരുന്ന വിനീത് ഭരദ്വാജില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് സിദ്ധാര്‍ത്ഥ് ഐഎഎഫില്‍ ചേര്‍ന്നതെന്ന് സിദ്ധാര്‍ത്ഥിന്റെ വിയോഗത്തില്‍ പിതാവ് ജഗ്ദീഷ് കസാല്‍ പറയുന്നു. സിദ്ധാര്‍ത്ഥിന്റെ പത്നി ആരതിയും ഇന്ത്യന്‍ വ്യോമസേന (ഐഎഎഫ്) യിലെ സ്ക്വാഡ്രണ്‍ ലീഡറാണ്.
Discussion about this post