ന്യൂഡല്‍ഹി: ഇന്ത്യ-പാകിസ്താന് അതിര്‍ത്തിയില്‍ ഇന്നലെയുണ്ടായ കനത്ത പോരാട്ടത്തിനിടെ യുദ്ധവിമാനം തകര്‍ന്ന് പാകിസ്താന് സൈന്യത്തിന്റെ പിടിയിലായ ഇന്ത്യന്‍ വിങ് കമാന്റര്‍ അഭിനന്ദന് വര്‍ദ്ധമാന്റെ തലകുനിക്കാത്ത ധീരതയ്ക്ക് കൈയ്യടിച്ച് രാജ്യം. പാകിസ്താന് പുറത്തുവിട്ട വീഡിയോകളിലും ദൃശ്യങ്ങളിലും തലയുയര്‍ത്തി ധീരനായി കാണപ്പെട്ട അഭിനന്ദന് രാജ്യത്തിന് തന്നെ അഭിമാനമായിരുന്നു. അഭിനന്ദനെ വിട്ടുകിട്ടുന്നതിനായി നയതന്ത്ര തലത്തില്‍ ഇന്ത്യ സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുമുണ്ട്.
ഇതിനിടെ പാകിസ്താന് മാധ്യമമായ ഡോണിലെ റിപ്പോര്‍ട്ട് വീണ്ടും ഓരോ ഇന്ത്യക്കാരനും അഭിമാനമായിരിക്കുകയാണ്. സൈനിക രഹസ്യങ്ങളും രാജ്യത്തിന്റെ അഭിമാനവും ചോരാതെ കാത്ത അഭിനന്ദനെ കുറിച്ചാണ് പാക് മാധ്യമത്തിലെ റിപ്പോര്‍ട്ട്. വിമാനം തകര്‍ന്ന് പാരച്യൂട്ടില്‍ പാക് അധീന കാശ്മീരില്‍ ഇറങ്ങിയ അഭിനന്ദനെ പ്രദേശവാസികളുടെ നിര്‍ദേശ പ്രകാരം പാകിസ്താന് സൈന്യമെത്തി പിടികൂടുകയായിരുന്നെന്ന് ദൃക്സാക്ഷിയും അഭിനന്ദനെ പിടികൂടിയ ക്വില പ്രദേശത്തെ രാഷ്ട്രീയപ്രവര്‍ത്തകനുമായ മുഹമ്മദ് റസാഖ് ചൗധരി പറയുന്നു.
രാവിലെ എട്ടരയോടടുത്ത് എന്തോ തകരുന്ന ശബ്ദം കേട്ട് വീടിന്റെ മുകളില്‍ കയറി നോക്കിയ റസാഖ് ചൗധരിയുടെ പാരച്യൂട്ടില്‍ താഴെയിറങ്ങിയ വൈമാനികനെ ഒരു കിലോമീറ്ററോളം അകലെ നിന്നാണ് കണ്ടതെന്ന് സാക്ഷ്യപ്പെടുത്തുന്നു. പ്രദേശവാസികളായ യുവാക്കള്‍ ഓടിക്കൂടിയതോടെ ഇത് ഇന്ത്യയാണോ പാകിസ്താന് ആണോ എന്ന് അഭിനന്ദന് ചോദിച്ചതായും ഇത് ക്വിലയാണ്, ഇന്ത്യയിലെ പ്രദേശമാണ് എന്ന യുവാക്കളുടെ തന്ത്രപൂര്‍വ്വമായ മറുപടി കേട്ട് ‘ഭാരത് മാതാ കീ ജയ്’ ഉറക്കെ വിളിച്ച് യുവാക്കളെ പ്രകോപിച്ച് തിരിച്ചടിച്ചെന്ന് റസാഖ് പറയുന്നു. ഇന്ത്യയെ പ്രകീര്‍ത്തിക്കുന്ന വാക്കുകള്‍ കേട്ടതോടെ പ്രകോപിതരായ യുവാക്കള്‍ വൈമാനികനെതിരെ തിരിഞ്ഞെന്നും ഇത് മനസിലാക്കിയ അഭിനന്ദന് തോക്ക് ചൂണ്ടിയും ആകാശത്തേക്ക് വെടിയുതിര്‍ത്തും ഒരു കിലോമീറ്ററോളം ദൂരം അരുവിയുടെ സമീപത്തേക്കായി ഓടുകയായിരുന്നു. പിന്നാലെ കൂടിയ പാക് യുവാക്കളില്‍ നിന്നും കൈയ്യിലുള്ള രേഖകള്‍ സംരക്ഷിക്കുകയായിരുന്നു ഇദ്ദേഹത്തിന്റെ ലക്ഷ്യം. കൈവശമുണ്ടായിരുന്ന മാപ്പുകളും പ്രധാനപ്പെട്ട രേഖകളും വിഴുങ്ങിയ അഭിനന്ദന് ബാക്കിയുള്ളവ സമീപത്തെ അരുവിയില്‍ മുക്കി നശിപ്പിക്കുകയായിരുന്നു. കല്ലെറിഞ്ഞ് ആക്രമിച്ച യുവാക്കളോട് താന്‍ കൊല്ലപ്പെടരുതെന്നും കുറച്ച് വെള്ളം വേണമെന്ന് ആവശ്യപ്പെട്ടെന്നും ദൃക്സാക്ഷി മൊഴിയില്‍ പറയുന്നു. ഇതിനിടെ ആരോ അഭിനന്ദന്റെ കാലിലേക്ക് വെടിയുതിര്‍ക്കുയും ചിലര്‍ ഇത് തടയുകയും ചെയ്തു.
പിന്നീട് പാകിസ്താന് സൈന്യം എത്തി ഇദ്ദേഹത്തെ കീഴ്പ്പെടുത്തി സൈനിക വാഹനങ്ങളുടെ അകമ്പടിയോടെ കൊണ്ടുപോവുകയായിരുന്നു. റോഡിനിരുവശവും വലിയ ആള്‍ക്കൂട്ടം തന്നെ ഇതിനിടയ്ക്ക് രൂപപ്പെട്ടുവെന്നും പാകിസ്താന് അനുകൂല മുദ്രാവാക്യം വിളിച്ചെന്നും ഡോണിന്റെ റിപ്പേര്‍ട്ടില്‍ പറയുന്നുണ്ട്.
ഇന്ത്യയുടെ അഭിമാനം എതിരാളികളുടെ പാളയത്തിലും അടിയറവ് വെയ്ക്കാതെ പൊരുതിയ അഭിനന്ദന്റെ തിരിച്ചുവരവിനായി രാജ്യം ഒരേ മനസോടെ പ്രാര്‍ത്ഥനയിലാണ്.
ഇന്നലെയാണ് മിഗ് 21 വിമാനം തകര്‍ന്ന് പിടിയിലായ ഇന്ത്യന്‍ വ്യോമസേന പൈലറ്റും തമിഴ്നാട് സ്വദേശിയുമായ അഭിനന്ദന് വര്ദ്ധമാന് പാകിസ്താന്റെ പിടിയിലായത്. ജനീവ കരാര്‍ ചട്ടങ്ങള്‍ ലംഘിച്ച് പാകിസ്താന് ഇദ്ദേഹത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിടുകയും ചെയ്തിരുന്നു.
Discussion about this post