ന്യൂഡല്‍ഹി: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രാജ്യത്തിനകത്ത് മാത്രം നടന്നത് 2399 ഭീകരാക്രമണങ്ങള്‍. 2014നും 2019 ഫെബ്രുവരി 15നും ഇടയില്‍ ഭീകരരുള്‍പ്പെടെ 4493 പേരാണ് കൊല്ലപ്പെട്ടത്. 1214 ജനങ്ങളും 893 സൈനികരും കൊല്ലപ്പെട്ടെന്ന് സൗത്ത് ഏഷ്യ ടെററിസം പോര്‍ട്ടലിന്റെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.
ഒടുവിലായി ഈ മാസം 14ന് പുല്‍വാമയിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 40 സൈനികരാണ് കൊല്ലപ്പെട്ടത്. ഒരുവര്‍ഷം മുമ്പ് 2018 ഫെബ്രുവരി 10നാണ് ജമ്മുവിലെ സുന്‍ജുവാന്‍ കരസേന കേന്ദ്രം ജയ്ഷെ ചാവേറുകള്‍ ആക്രമിച്ചത്. 11 സൈനികരും ഒരു നാട്ടുകാരനും നാല് ഭീകരരും കൊല്ലപ്പെട്ടു. സൈനികരുടെ കുടുംബാംഗങ്ങള്‍ക്കടക്കം പരിക്കേറ്റു. 2018ല്‍ കശ്മീരില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുന്നതില്‍ 93 ശതമാനം വര്‍ധനയുണ്ടായി. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ സംസ്ഥാനത്ത് ഭീകരാക്രമണങ്ങളുടെ എണ്ണം 176 ശതമാനം വര്‍ധിച്ചു. മാസം 28 എന്ന നിലയില്‍ 1708 ആക്രമണം ഉണ്ടായി.
2016ല്‍, പഞ്ചാബിലെ പത്താന്‍കോട്ട് വ്യോമ താവളത്തിനുനേരെ ഉണ്ടായ ഭീകരാക്രമണത്തില്‍ രാജ്യം നടുങ്ങിയിരുന്നു. ജനുവരി രണ്ടുമുതല്‍ അഞ്ചുവരെ നീണ്ട ഏറ്റുമുട്ടലില്‍ ഒമ്പത് സൈനികരാണ് കൊല്ലപ്പെട്ടത്. സെപ്തംബറില്‍ ജമ്മു കശ്മീരിലെ ഉറി സേനാതാവളത്തിലുണ്ടായ ആക്രമണത്തില്‍ 19 സൈനികരും കൊല്ലപ്പെട്ടു.
ജൂണില്‍ പാംപോറയില്‍ സിആര്‍പിഫ് വാഹനവ്യൂഹം ആക്രമിച്ച് എട്ടുപേരെ കൊലപ്പെടുത്തി. ആഗസ്തില്‍ അസമിലെ ക്രോക്കജാറില് ഭീകരര്‍ നടത്തിയ വെടിവയ്പ്പില്‍ 14 നാട്ടുകാര്‍ കൊല്ലപ്പെട്ടു. അതേവര്‍ഷം രാഷ്ട്രീയ റൈഫിള്‍സിന്റെ ബാരാമുള്ള ജില്ലയിലെ ക്യാമ്പും കുപ്വാര ജില്ലയിലെ ഹാണ്ട് വാര ക്യാമ്പും നഗ്രോട്ട സൈനിക ക്യാംപും ഭീകരര്‍ ആക്രമിച്ചു. ഭോപ്പാല്‍–ഉജ്ജയ്ന്‍ തീവണ്ടിയില്‍ സ്ഫോടനമുണ്ടായത് 2017 മാര്‍ച്ചിലാണ്. ജൂലൈയില്‍ അമര്‍നാഥ് തീര്‍ഥാടകര്‍ക്കുനേരെ ഉണ്ടായ ആക്രമണത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. ചത്തീസ്ഗഢിലെ സുക്മയില്‍ 2017ലും 2018ലും സൈന്യത്തിനുനേരെ ആക്രമണമുണ്ടായി.
വടക്കുകിഴക്കന്‍ മേഖലയില്‍ മാത്രം, 2442 ആക്രമണങ്ങളാണ് നടന്നത്. കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍വച്ച കണക്കുപ്രകാരം 2014നും 2018നും ഇടയില്‍ വടക്കുകിഴക്കന്‍ മേഖലയില്‍ ഉണ്ടായത് 2442 ആക്രമണം. 366 നാട്ടുകാരും 109 സൈനികരും 508 തീവ്രവാദികളും കൊല്ലപ്പെട്ടു. ദേശീയ പൗരത്വ രജിസ്ട്രിയുടെയും സ്ഥിരതാമസ രേഖയുടെയും പേരില്‍ ഉടലെടുത്ത സംഘര്‍ഷങ്ങളില്‍ ആസാം, അരുണാചല്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ ആളിക്കത്തുകയാണ്. നക്സല്‍ ബാധിത പ്രദേശങ്ങളില്‍ അഞ്ചുവര്‍ഷത്തിനിടെ 4969 ആക്രമണം നടന്നു. ഇതില്‍ 967 നാട്ടുകാരും 354 സൈനികരും 735 തീവ്രവാദികളും കൊല്ലപ്പെട്ടു.
സംഘര്ഷബാധിതമല്ലാത്ത തമിഴ്നാട്, കര്‍ണാടക, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലായി ഈ കാലയളവില്‍ ആറ് ഭീകരാക്രമണങ്ങളും നടന്നു. 11 നാട്ടുകാരും 11 സൈനികരും ഏഴ് ഭീകരരും കൊല്ലപ്പെട്ടു.
Discussion about this post