‘മീ ടു’ വില്‍ക്കുരുങ്ങി ഓണ്‍ എയര്‍ വിത്ത് എഐബി; ഹോട്ട്‌സ്റ്റാര്‍ പരിപാടി റദ്ദ് ചെയ്തു

അടുത്തിടെ ഈ പരിപാടിക്കെതിരെ ലൈംഗികാരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

ന്യൂഡല്‍ഹി: ‘മീ ടു’ ക്യാമ്പയിനിലൂടെ ലൈംഗികാരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഓണ്‍ എയര്‍ വിത്ത് എഐബി എന്ന കോമഡി പരിപാടി റദ്ദു ചെയ്ത് ഡിജിറ്റല്‍ എന്റര്‍ടയിന്‍മെന്റ് പ്ലാറ്റ്‌ഫോം ആയ ഹോട്ട് സ്റ്റാര്‍. ഈ പരിപാടിയുടെ മൂന്നാമത്തെ സീസണാണ് റദ്ദു ചെയ്തത്. അടുത്തിടെ ഈ പരിപാടിക്കെതിരെ ലൈംഗികാരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

എ ഐ ബി ഗ്രൂപ്പിന്റെ സ്ഥാപകാംഗമായ ഗുര്‍സിമ്രാന്‍ കമ്പക്കെതിരെയാണ് ലൈംഗികാരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്. കഴിഞ്ഞദിവസം എ ഐ ബി മുന്‍ അംഗമായ ഉത്സവ് ചക്രവര്‍ത്തിക്കെതിരെ തനിക്കും മറ്റു ചില സ്ത്രീകള്‍ക്കും ലൈംഗിക ചുവയുള്ള സന്ദേശങ്ങള്‍ അയച്ചെന്ന് ആരോപിച്ച് ഒരു സ്ത്രീ ട്വിറ്ററില്‍ ആരോപണം ഉയര്‍ത്തിയിരുന്നു. ഇതിനെത്തുടര്‍ന്ന് സ്ഥാപകാംഗം തന്‍മയ് ഭട്ട് എ ഐ ബി ഗ്രൂപ്പില്‍ നിന്ന് പിന്‍വാങ്ങിയതായി പ്രഖ്യാപിച്ചു.

സ്ത്രീകളുടെ സുരക്ഷയാണ് കമ്പനിക്ക് വലുതന്ന് പരിപാടി റദ്ദാക്കുന്നത് സംബന്ധിച്ച പ്രസ്താവനയില്‍ അവര്‍ വ്യക്തമാക്കുകയും ചെയ്തു. അതോടൊപ്പം സോഷ്യല്‍ മീഡിയ വഴി പ്രചരിച്ച ആരോപണത്തെപ്പറ്റി അന്വേഷിച്ച് വരികയാണെന്നും ഒരു പരിപാടിയിലും അദ്ദേഹം പങ്കെടുക്കില്ലെന്നും എഐബി അറിയിച്ചു.

Exit mobile version