ഭുവനേശ്വര്‍: പാകിസ്താനുമായി ഇന്ത്യ യുദ്ധത്തിലേക്ക് പോകരുതെന്ന അഭിപ്രായം രേഖപ്പെടുത്തിയ കോളേജ് പ്രൊഫസറെ പുറത്താക്കി. ഒഡീഷ ഭുവനേശ്വറിലെ കലിംഗ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ മധുമിത റേയെ ആണ് അധികൃതര്‍ പുറത്താക്കിയത്. ഒഡിയ ടിവി ചാനലായ കനക് ന്യൂസിന്റെ ചര്‍ച്ചയ്ക്കിടെയാണ് മധുമിത ഇത്തരത്തില്‍ പ്രതികരിച്ചത്. റിട്ട.ആര്‍മി കേണല്‍ പൂര്‍ണ ചന്ദ്ര പട്നായിക് അടക്കമുള്ളവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.
കേണലിന്റെ അഭിപ്രായത്തോട് വിയോജിച്ചുകൊണ്ടാണ് മധുമിത യുദ്ധത്തിനെതിരെ സംസാരിച്ചത്. പരിപാടി പ്രസിദ്ധീകരിച്ച് രണ്ട് ദിവസത്തിന് ശേഷം കലിംഗ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (കെഐടി) ഡിസിപ്ലിനറി കമ്മിറ്റി മധുമിതയോട് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നു. രാജി വയ്ക്കാനും ആവശ്യപ്പെട്ടു.
കഴിഞ്ഞ 70 വര്‍ഷത്തിലധികമായി ഇന്ത്യ പാകിസ്താനുമായി പല തവണ യുദ്ധം ചെയ്തു. എന്തെങ്കിലും പ്രശ്നം പരിഹരിക്കാന്‍ ഇതുകൊണ്ട് കഴിഞ്ഞോ, ലോകത്തൊരിടത്തും യുദ്ധങ്ങള്‍ ഒരു പ്രശ്നവും പരിഹരിച്ചിട്ടില്ല. എന്റെ അഭിപ്രായ, ആവിഷ്കാര സ്വാതന്ത്ര്യങ്ങള്‍ അടിച്ചമര്ത്തപ്പെടുമെന്നതിനാല് ഞാന്‍ രാജി നല്കി.-മധുമിത പറയുന്നു.
അതേസമയം മധുമിതയുടെ ജോലി പോയത് വളരെ നന്നായെന്നും അവര്‍ ദേശവിരുദ്ധയാണെന്നും കേണല്‍ പൂര്‍ണ ചന്ദ്ര പട്നായിക് അഭിപ്രായപ്പെട്ടു.
Discussion about this post