ലണ്ടന്‍: പുല്‍വാമയിലെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഭീകരവാദത്തിനെതിരെ ശക്തമായ നടപടിയെടുക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ പാകിസ്താനോട് ആവശ്യപ്പെട്ടു. യൂറോപ്യന്‍ യൂണിയന്റെ വിദേശ കാര്യ സുരക്ഷാ നയവിഭാഗം പ്രതിനിധി ഫെഡറിക മൊഗറിണി പാകിസ്താന്‍ വിദേശകാര്യമന്ത്രി ഷാ മഹമ്മൂദ് ഖുറേഷിയോട് ഫോണിലൂടെയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇരുരാജ്യങ്ങളിലും നിലവിലെ സങ്കീര്‍ണ സാഹചര്യം എത്രയും പെട്ടെന്ന് ഇല്ലാതാക്കണമെന്നും മൊഗറിണി ആവശ്യപ്പെട്ടു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയോടും യൂറോപ്യന്‍ യൂണിയന്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും.
അഭിപ്രായ ഭിന്നതകള്‍ പരിഹരിക്കാന്‍ ഇന്ത്യയ്ക്കും പാകിസ്താനും ഇടയില്‍ ചര്‍ച്ചകള്‍ പ്രോത്സാഹിപ്പിക്കുന്നതാവണം എല്ലായ്പ്പോഴും യൂറോപ്യന്‍ യൂണിയന്റെ നയമെന്നും അവര്‍ പറഞ്ഞു.
പുല്‍വാമ ആക്രമണവുമായി ബന്ധപ്പെട്ട് പാകിസ്താന്‍ ഇന്ത്യയോട് തെളിവുകള്‍ പങ്കുവെക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പാക് വിദേശകാര്യമന്ത്രി അദ്ദേഹത്തെ അറിയിച്ചു. അതീവ ജാഗ്രതയോടെയാണ് പാകിസ്താന്‍ ഈ വിഷയത്തോട് പ്രതികരിച്ചതെന്നും സമാധാനം നിലനിര്‍ത്താനാണ് പാക് ശ്രമമെന്നിരിക്കെ ഇന്ത്യ യുദ്ധഭ്രാന്ത് സൃഷ്ടിക്കുകയാണെന്നും ഖുറേഷി യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധിയെ അറിയിച്ചു.