ഭോപ്പാല്‍: മധ്യപ്രദേശിലെ ചിത്രകൂടില്‍ നിന്നും മോചനദ്രവ്യം ആവശ്യപ്പെട്ട് ഇരട്ടക്കുട്ടികളെ തട്ടിയെടുത്ത് കൊലപ്പെടുത്തിയ കേസില്‍ ബജ്റംഗ്ദള്‍ പ്രവര്ത്തകന് മുഖ്യ പങ്കെന്ന് പോലീസ്. ബജ്റംഗ്ദളിന്റെ പ്രധാനപ്പെട്ട മേഖലാ സംഘാടകരിലൊരാളായ വിഷ്ണുകാന്ത് ശുക്ലയാണ് കുട്ടികളെ തട്ടിക്കൊണ്ട് പോയതിനും കൊലപാതകത്തിനും നേതൃത്വം നല്‍കിയതെന്ന് ഐജി ചഞ്ചല്‍ ശേഖര്‍ പറഞ്ഞു.
കാണാമറയത്തിരുന്ന് ഇയാള്‍ കരുക്കള്‍ നീക്കുകയായിരുന്നു. സഹോദരന് പദ്മ ശുക്ലയാണ് സ്കൂളില്‍നിന്ന് തട്ടിക്കൊണ്ട് പോയതിന് നേതൃത്വം കൊടുത്തത്. സംഭവത്തില്‍ ഉപയോഗിച്ച വാഹനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ 12-നാണ് സ്കൂള്‍ ബസില്‍ നിന്ന് തോക്കു ചൂണ്ടി ഇരട്ടക്കുട്ടികളെ തട്ടിയെടുത്തത്. 10 ലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ടായിരുന്നു തട്ടിയെടുത്തത്. പിന്നീട് കുട്ടികളുടെ മൃതദേഹങ്ങള്‍ ബാന്‍ഡയിലുള്ള നദിയില്‍ നിന്ന് കണ്ടെടുക്കുകയായിരുന്നു. കേസില്‍ ആകെ ആറു പ്രതികളാണു അറസ്റ്റിലായിട്ടുള്ളത്.
എണ്ണവ്യാപാരിയായിരുന്ന ബ്രജേഷ് റാവത്തിന്റെ ആറു വയസുള്ള ഇരട്ടക്കുട്ടികളെയാണ് കൊലപ്പെടുത്തിയത്. സദ്ഗുരു പബ്ലിക് സ്കൂളില്‍ നിന്ന് കുട്ടികളുമായി ബസ് പുറപ്പെടവെയാണ് തോക്കുധാരികളായ രണ്ട് പേര് കുട്ടികളുടെ ട്യൂഷന് അധ്യാപകരുടെ സഹായത്തോടെ ഇരട്ടസഹോദരങ്ങളെ തട്ടിയെടുത്തത്.
Discussion about this post