ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന് പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണം വേണമെന്ന ഹര്‍ജി തള്ളി. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച പൊതു താല്‍പ്പര്യ ഹര്‍ജിയാണ് തള്ളിയത്. കോടതി നിരീക്ഷണത്തിലുള്ള അന്വേഷണം വേണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. 370 കിലോ ആര്‍ഡിഎക്‌സ് ഉപയോഗിച്ചാണ് 40 ജവാന്മാരുടെ ജീവന്‍ നഷ്ടമായ ആക്രമണം നടത്തിയതെന്നും, ഇതില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ നിലവില്‍ നടക്കുന്ന അന്വേഷണത്തില്‍ ഇടപെടാന്‍ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി.
ഈ മാസം14ാം തീയ്യതിയാണ് പുല്‍വാമയില്‍ 40 സൈനികരുടെ ജീവന്‍ കവര്‍ന്ന ആക്രമണം ഉണ്ടായത്. സൈനികരുടെ വാഹന വ്യൂഹത്തിന് നേരെ സ്ഫോടക വസ്തുക്കളുമായി ചാവേര്‍ കാര്‍ ഓടിച്ച് കയറ്റുകയായിരുന്നു. പാകിസ്താന്‍ ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു.