ന്യൂഡല്‍ഹി: ചാനല്‍ ചര്‍ച്ചയ്ക്കിടെ ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കറെയും സുനില്‍ ഗവാസ്കറെയും അപമാനിച്ച റിപ്പബ്ലിക് ടിവി അവതാരകന് അര്‍ണബ് ഗോസ്വാമിക്കെതിരേ പ്രതിഷേധം ശക്തം.
പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനെതിരായ ലോകകപ്പ് മത്സരം ഇന്ത്യ ബഹിഷ്കരിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. ഈ വിഷയത്തില്‍ പ്രതികരിച്ച സച്ചിനും ഗവാസ്കറും, ഇന്ത്യ ലോകകപ്പ് മത്സരം കളിച്ച് പാകിസ്താനെ തോല്‍പ്പിക്കണമെന്ന് അഭിപ്രായപ്പെട്ടിരുന്നു.
റിപ്പബ്ലിക് ടിവിയില്‍ ഇന്നലെ നടന്ന ചര്‍ച്ചയില്‍ ഷെയിം ഓണ്‍ ആന്റിനാഷനല് എന്ന ഹാഷ്ടാഗിലാണ് ഇരുവരെയും അര്‍ണബ് വിശേഷിപ്പിച്ചത്.
”ഞാന്‍ ഒരു ദൈവത്തിലും വിശ്വസിക്കുന്നില്ല. സച്ചിന് പറഞ്ഞത് നൂറു ശതമാനവും തെറ്റാണ്. ബോധമുണ്ടായിരുന്നെങ്കില് ഇന്ത്യ, പാകിസ്താനെതിരേ കളിക്കരുതെന്നു പറയേണ്ടിയിരുന്ന ആദ്യത്തെയാള്‍ സച്ചിനായിരുന്നു. സുനില്‍ ഗവാസ്കറും അതുതന്നെയായിരുന്നു പറയേണ്ടിയിരുന്നത്.
പക്ഷേ രണ്ടുപേരും പറഞ്ഞത് രണ്ട് പോയന്റ് വേണമെന്നാണ്. രണ്ടു പേരും പറഞ്ഞത് തീര്‍ത്തും തെറ്റാണ്. നമുക്ക് രണ്ട് പോയന്റല്ല, രക്തസാക്ഷികള്‍ക്കു വേണ്ടി ചെയ്യുന്ന പ്രതികാരമാണ് വലുത്. സച്ചിന് രണ്ട് പോയിന്റ് എടുത്ത് ചവറ്റുകുട്ടയിലിടണം”- ചര്‍ച്ചയ്ക്കിടെ അര്‍ണബ് പറഞ്ഞു.
പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് രണ്ട് കൂട്ടര് മാത്രമേയുള്ളൂ. ഇന്ത്യയ്ക്കൊപ്പമുള്ളവരും ഇന്ത്യക്ക് എതിരേ നില്‍ക്കുന്നവരും, നടുക്ക് നില്‍ക്കാനാകില്ല- അര്‍ണബ് കൂട്ടിച്ചേര്‍ത്തു. സച്ചിനെതിരായ വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് ചാനല്‍ ചര്‍ച്ചക്കെത്തിയ രണ്ട് അതിഥികള്‍ സ്റ്റുഡിയോയില്‍ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു.
അര്‍ണബ് സച്ചിനെയും ഗവാസ്കറെയും ദേശദ്രോഹികളാക്കുകയാണെന്ന് തുറന്നടിച്ചായിരുന്നു ഇറങ്ങിപ്പോക്ക്. രാഷ്ടീയ നിരീക്ഷകന് സുധീന്ദ്ര കുല്‍ക്കര്‍ണി, എഎപി നേതാവ് അശുതോഷ് എന്നിവരാണ് ഇറങ്ങിപ്പോയത്.
പുല്‍വാമ ആക്രമണത്തിനുശേഷം ഷൂട്ടിങ്ങിനു പോയ നിങ്ങളുടെ നേതാവ് മോഡിയെ എന്തുകൊണ്ട് വിളിക്കുന്നില്ല എന്നു തുറന്നടിച്ചാണ് അശുതോഷ് ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിയത്.
അതേസമയം, പാകിസ്താനെതിരായ ലോകകപ്പ് മത്സരം ഇന്ത്യ ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുടെ വാക്കുകളെ അര്‍ണബ് അഭിനന്ദിക്കുകയും ചെയ്തു.
തുടര്‍ന്ന് അര്‍ണബിനെതിരേ സോഷ്യല്‍ മീഡിയയിലും മറ്റും വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. അര്‍ണബിന്റെ ഫേസ്ബുക്ക് പേജിനു താഴെ മലയാളികളടക്കം നിരവധി പേരാണ് കമന്റ് ചെയ്യുന്നത്.
Discussion about this post