ഞങ്ങള്‍ക്ക് സമാധാനമാണ് ആവശ്യം, പുല്‍വാമയില്‍ പങ്കില്ല; പ്രധാനമന്ത്രിയെയും സുഷമസ്വരാജിനെയും സന്ദര്‍ശിച്ച് പാകിസ്താന്‍ എംപി

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ-പാക് ബന്ധം വഷളായിരിക്കെ പാകിസ്താനിലെ ഭരണകക്ഷി എംപി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തി. വിദേശകാര്യമന്ത്രി സുഷമ സ്വരാജും ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തു.

പാകിസ്താനിലെ ഭരണകക്ഷിയായ പാകിസ്താന്‍ തെഹ്‌രികെ ഇന്‍സാഫ് (പിടിഐ) പാര്‍ട്ടിയുടെ എംപിയായ രമേഷ് കുമാര്‍ വന്‍ക്വാനിയാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.

പാകിസ്താന്‍ പാര്‍ലമെന്റിലെ ഹിന്ദു അംഗമാണ് രമേഷ് കുമാര്‍. പുല്‍വാമ ആക്രമണത്തില്‍ പാകിസ്താന്റെ പങ്ക് അദ്ദേഹം നിഷേധിച്ചു. പുല്‍വാമ ആക്രമണത്തില്‍ പാകിസ്താന് പങ്കില്ലെന്നു ഉറപ്പ് നല്‍കുകയാണെന്ന് അദ്ദേഹം ചര്‍ച്ചയില്‍ ആവര്‍ത്തിച്ചു. തങ്ങള്‍ സക്രിയമായാണ് മുന്നോട്ടുപോകുന്നത്. തങ്ങള്‍ക്ക് സമാധാനമാണ് ആവശ്യം- അദ്ദേഹം പറഞ്ഞു.

കുംഭമേളയുടെ ഭാഗമായി ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സ് എന്ന സംഘടനയുടെ ക്ഷണ പ്രകാരം കുംഭമേളയില്‍ പങ്കെടുക്കാന്‍ വിദേശ പ്രതിനിധിയായാണ് രമേഷ് കുമാര്‍ ഇന്ത്യയിലെത്തിയത്. വിദേശകാര്യസഹമന്ത്രി വികെ സിംഗുമായും രമേഷ് കുമാര്‍ കൂടിക്കാഴ്ച നടത്തി.

Exit mobile version