ഇറ്റാനഗര്‍: പെര്‍മനന്റ് റെസിഡന്റ് സര്‍ട്ടിഫിക്കറ്റ് വിഷയത്തില്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയുടെ ശുപാര്‍ശകള്‍ക്കെതിരെ അരുണാചല്‍ പ്രദേശില്‍ പ്രതിഷേധം ശക്തമായി. പോലീസ് വെടിവെയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഉപമുഖ്യമന്ത്രി ചൗനാ മെയ്‌ന്റെ ബംഗ്ലാവ് പ്രതിഷേധക്കാര്‍ കത്തിച്ചു. സംഭവ സമയം ചൗനാ മെയ്ന്‍ വീട്ടിലുണ്ടായിരുന്നില്ല. പ്രതിഷേധം കാരണം അദ്ദേഹത്തെ ഞായറാഴ്ച രാവിലെ ഇറ്റാനഗറില്‍നിന്നും നാംസായി ജില്ലയിലേക്ക് മാറ്റിയിരുന്നു.
പ്രതിഷേധക്കാര്‍ ജില്ലാ കമ്മീഷണറുടെ വീട് കൊള്ളയടിക്കുകയും തകര്‍ക്കുകയും ചെയ്തു. ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് ആക്രമണത്തില്‍ പരിക്കേറ്റു. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ഇറ്റാനഗറിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ സര്‍ക്കാര്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇവിടെ കര്‍ഫ്യൂ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
അരുണാചല്‍ പ്രദേശില്‍ പെര്‍മനന്റ് റെസിഡന്റ് സര്‍ട്ടിഫിക്കറ്റ് വിഷയത്തില്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയുടെ ശുപാര്‍ശകള്‍ക്കെതിരെയാണ് സമരം നടക്കുന്നത്. കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരം ദശാംബ്ദങ്ങളായി ഇവിടെ താമസിച്ച ചില വിഭാഗങ്ങള്‍ പ്രദേശവാസികളല്ലാതെ ആകും. ഇതിന് എതിരെയാണ് പ്രതിഷേധം.
പ്രതിഷേധത്തെ തുടര്‍ന്ന് വെള്ളിയാഴ്ച വൈകുന്നേരം 50 കാറുകളാണ് പ്രതിഷേധക്കാര്‍ കത്തിച്ചത്. നൂറിലേറെ വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും ചെയ്തു. ഇറ്റാനഗറില്‍ അഞ്ച് തീയ്യേറ്ററുകളാണ് പ്രതിഷേധക്കാര്‍ കത്തിച്ചത്.