വ്യാജ മദ്യം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത് സോപ്പുപൊടിയും ഷാമ്പൂവും! ഞെട്ടിക്കുന്ന കണ്ടെത്തല്‍

മരിച്ചവരും ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയവരുമെല്ലാം തോട്ടം തൊഴിലാളികളായിരുന്ന സാധാരണക്കാര്‍ ആയിരുന്നു.

അസം: കഴിഞ്ഞ ദിവസം അസമില്‍ വ്യാജ മദ്യം കഴിച്ചതിനെ തുടര്‍ന്ന് 140 തോട്ടം തൊഴിലാളികള്‍ മരിച്ചിരുന്നു. സംഭവത്തില്‍ 300 ഓളം പേരാണ് ആശുപത്രിയില്‍ പ്രവേശിച്ചത്. മരിച്ചവരും ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയവരുമെല്ലാം തോട്ടം തൊഴിലാളികളായിരുന്ന സാധാരണക്കാര്‍ ആയിരുന്നു.

ഇതേ തുടര്‍ന്ന് വിവിധയിടങ്ങളില്‍ പരിശോധന കര്‍ശനമാക്കാന്‍ എക്സൈസ് വിഭാഗം തീരുമാനിച്ചു. അതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന റെയ്ഡില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന വസ്തുതകളായിരുന്നു.

വ്യാജമദ്യം നിര്‍മ്മിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് രഘുഭീര്‍ നഗറിലെ രണ്ട് കടകളില്‍ എക്സൈസ് വകുപ്പ് പരിശോധന നടത്തി. ഇവിടെയുണ്ടാക്കിയ വ്യാജന്‍ നിരവധി വീപ്പകളിലായി കണ്ടെത്തി. ഇതോടൊപ്പം ചില വീട്ടുസാധനങ്ങളും, വീട്ടുസാധനങ്ങളുടെ ലിസ്റ്റും ഇവര്‍ കണ്ടെടുത്തു. ആദ്യം ഇത് എന്താണെന്ന് ഉദ്യോഗസ്ഥര്‍ക്ക് മനസ്സിലായില്ല. പിന്നീടാണ് വ്യാജനുണ്ടാക്കാനുള്ള ചേരുവകളാണ് ഇതെന്ന് അവര്‍ മനസ്സിലാക്കിയത്.

വീര്യം കൂടിയ ഈസ്റ്റ്, സോപ്പുപൊടി, ആയുര്‍വേദ ഷാമ്പൂ എന്നിവയെല്ലാമായിരുന്നു പ്രധാന ചേരുവകള്‍. ഇവയെല്ലാം ചേര്‍ത്ത് തയ്യാറാക്കിയ കള്ള് കുപ്പിക്ക് 40 രൂപ വീതം ഈടാക്കിയാണത്രേ സംഘം വിറ്റുകൊണ്ടിരുന്നത്. അതും 2009ല്‍ വ്യാജമദ്യം കഴിച്ച് 17 പേര്‍ മരിച്ച അതേ സ്ഥലത്ത്.

ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലും സമീപദിവസങ്ങളില്‍ എക്സൈസ് വകുപ്പിന്റെ റെയ്ഡ് നടന്നു. ഏതാണ്ട് 25,000 ലിറ്റര്‍ വ്യാജനാണ് ഇവിടെ നിന്ന് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. പഞ്ചാബില്‍ നിന്നുമാണ് ഈ വ്യാജനെത്തിയതെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിക്കുന്നത്.

ബാറ്ററിയും മറ്റ് രാസപദാര്‍ത്ഥങ്ങളുമെല്ലാം വ്യാജന്മാരുടെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നുവെന്ന വാര്‍ത്തകള്‍ നമ്മള്‍ മുമ്പേ കണ്ടതാണ്. ഇതിന് പുറമെയാണ് ഇപ്പോള്‍ സോപ്പുപൊടിയും ഷാമ്പൂവും പോലെ വീര്യം കൂടിയ രാസഘടകങ്ങളുള്ള പദാര്‍ത്ഥങ്ങളും വ്യാജന്റെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നുവെന്ന വസ്തുത വെളിപ്പെടുന്നത്.

സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് മദ്യം വാങ്ങി ഉപയോഗിക്കാനുള്ള സാഹചര്യങ്ങള്‍ ഉണ്ടായിരിക്കെ തന്നെ, വ്യാജന്മാരെ ആശ്രയിക്കുന്നത് വിലക്കുറവിന് വേണ്ടി മാത്രമല്ലെന്നാണ് ഇത്തരം റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മാരകമായ വിഷാംശങ്ങള്‍ ശരീരത്തിലെത്തുമ്പോഴുണ്ടാകുന്ന അപകടകരമായ ലഹരിയെക്കൂടി ആശ്രയിക്കാനാണ് പലരും ഇത്തരം വ്യാജന്മാര്‍ വാങ്ങിയടിക്കുന്നത്.

Exit mobile version