അസം: അസമില്‍ വിഷമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 140 ആയി. ഗുവാഹത്തിയില്‍ നിന്ന് 310 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന സല്‍മാറ തേയിലതോട്ടം തൊഴിലാളികളാണ് ദുരന്തത്തിന് ഇരയായത്.
കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടാണ് അസമില്‍ വിഷമദ്യ ദുരന്തമുണ്ടായത്. മദ്യം കഴിച്ച തൊഴിലാളികള്‍ അവശ നിലയിലാകുകയും ഇവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തിരുന്നു. നാല് സ്ത്രീകളാണ് ആദ്യം മരിച്ചത്. പിന്നീട് മരണസംഖ്യ ഉയരുകയായിരുന്നു.
300 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. സംഭവത്തില്‍ മദ്യനിര്‍മാണ കമ്പനി ഉടമയടക്കം 12 പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൃത്യവിലോപത്തിന് രണ്ട് എക്‌സൈസ് ഉദ്യോഗസ്ഥരെയും സസ്‌പെന്‍ഡ് ചെയ്തു. വിശദമായ അന്വേഷണത്തിനും അസം സര്‍ക്കാര്‍ ഉത്തരവിട്ടു.