വിമര്‍ശകരെ ഒന്നു ഓര്‍ക്കുക, 15-ാമത്തെ വയസില്‍ കരിയര്‍ ആരംഭിച്ചത് പാകിസ്താനെ തറപ്പറ്റിച്ചു കൊണ്ടായിരുന്നു; സച്ചിനെ ‘രാജ്യദ്രോഹിയാക്കിയവര്‍ക്ക്’ മറുപടിയുമായി ശരദ് പവാര്‍

സച്ചിന്‍ ഭാരതരത്ന ജേതാവും സുനില്‍ ഗവാസ്‌കര്‍ രാജ്യത്തിന് അഭിമാനം നേടിത്തന്ന മറ്റൊരു ക്രിക്കറ്റ് കളിക്കാരനാണെന്നും ശരദ് പവാര്‍ കൂട്ടിച്ചേര്‍ത്തു.

മുംബൈ: അഭിപ്രായം തുറന്ന് പറഞ്ഞതിന്റെ പേരില്‍ സച്ചിനെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി എന്‍സിപി നേതാവും മുന്‍ ഐസിസി, ബിസിസിഐ പ്രസിഡന്റുമായ ശരദ് പവാര്‍ രംഗത്ത്. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ലോകകപ്പില്‍ പാകിസ്താനെ ഒഴിവാക്കരുതെന്നും കളിച്ച് തോല്‍പ്പിക്കണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. സച്ചിന്‍ കരിയര്‍ ആരംഭിച്ചതു തന്നെ പാകിസ്ഥാനെ പരാജയപ്പെടുത്തിക്കൊണ്ടെന്ന് വിമര്‍ശിക്കുന്നവര്‍ ഓര്‍ക്കണമെന്ന് പവാര്‍ പറയുന്നു.

സച്ചിന്‍ ഭാരതരത്ന ജേതാവും സുനില്‍ ഗവാസ്‌കര്‍ രാജ്യത്തിന് അഭിമാനം നേടിത്തന്ന മറ്റൊരു ക്രിക്കറ്റ് കളിക്കാരനാണെന്നും ശരദ് പവാര്‍ കൂട്ടിച്ചേര്‍ത്തു. സച്ചിന്‍ 15ാമത്തെ വയസ്സില്‍ തന്റെ തിളക്കമാര്‍ന്ന കരിയര്‍ ആരംഭിച്ചത് പാകിസ്താനെ പരാജയപ്പെടുത്തിക്കൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ-പാകിസ്താന്‍ ക്രിക്കറ്റിനെ അനുകൂലിച്ച ക്രിക്കറ്റ് ഇതിഹാസങ്ങളായ സുനില്‍ ഗവാസ്‌കറേയും സച്ചിന്‍ ടെന്‍ഡുല്‍ക്കറേയും അധിക്ഷേപിച്ച് അര്‍ണബ് ഗോസ്വാമി ഉള്‍പ്പടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു.

റിപ്പബ്ലിക് ടിവിയില്‍ ഈ വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ ഷെയിം ഓണ്‍ ആന്റിനാഷണല്‍ എന്ന ഹാഷ്ടാഗിലായിരുന്നു സച്ചിനേയും ഗവാസ്‌കറേയും അര്‍ണബ് വിശേഷിപ്പിച്ചത്. നേരത്തെ വരാനിരിക്കുന്ന ലോകകപ്പില്‍ ഇന്ത്യ പാകിസ്താനുമായി കളിക്കണമെന്ന് സച്ചിനും ഗവാസ്‌കറും അഭിപ്രായപ്പെട്ടിരുന്നു. ലോകകപ്പ് മത്സരത്തിനിടെ കളി ഉപേക്ഷിച്ച് രണ്ട് പോയന്റ് ഇന്ത്യ പാകിസ്താന് നല്‍കുന്നതിനോട് എതിര്‍പ്പുണ്ടെന്നും സച്ചിന്‍ പറഞ്ഞിരുന്നു.

Exit mobile version