മധ്യപ്രദേശിലെ സ്‌കൂള്‍ ബസില്‍ നിന്നും തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയ ഇരട്ടക്കുട്ടികള്‍ യുപിയില്‍ കൊല്ലപ്പെട്ട നിലയില്‍; കണ്ടെത്തിയത് നദിക്കരയില്‍

ലഖ്‌നോ: സ്‌കൂള്‍ ബസില്‍ നിന്നും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയ ഇരട്ടക്കുട്ടികളെ ഉത്തര്‍പ്രദേശ് ബന്ധയിലെ നദിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മധ്യപ്രദേശിലെ ചിത്രകൂടില്‍ നിന്നാണ് ആറുവയസുള്ള ഇരട്ടകളായ ആണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയത്.

ചിത്രകൂടിലെ വ്യവസായിയുടെ മക്കളാണ് മരിച്ചകുട്ടികള്‍. ഫെബ്രുവരി 12 നാണ് മുഖം മൂടി ധരിച്ച രണ്ടംഗ സംഘം സ്‌കൂള്‍ ബസില്‍ കയറി കുട്ടികളെ തട്ടിക്കൊണ്ടുപോയത്. തോക്കും ആയുധങ്ങളും കാട്ടി ഭീഷണിപ്പെടുത്തിയായിരുന്നു കുട്ടികളെ തട്ടിയെടുത്തത്. വ്യവസായിയായ പിതാവിനോടുള്ള വൈരാഗ്യത്തിലാവാം കുട്ടികളെ തട്ടിക്കൊണ്ടുപോയതെന്നാണ് പോലീസ് നിഗമനം.

കുട്ടികളെ തട്ടിക്കൊണ്ടുപോയവരെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തി. ഇവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 50,000 രൂപ സമ്മാനം പ്രഖ്യാപിച്ചിട്ടുണ്ട്.

Exit mobile version