അച്ഛന് മകള്‍ എഴുതിയ കത്താണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. വീരമൃത്യു വരിച്ച പട്ടാള ഉദ്യോഗസ്ഥന് നായിക് തിമ്മയ്യയുടെ മകളാണ് ഹൃദയസ്പര്‍ശിയായ കത്തെഴുതി സൈബര്‍ ലോകത്ത് വായനക്കാരുടെ കണ്ണു നനയിക്കുന്നത്. ദീയ എന്നാണ് ആ കൊച്ചു മിടുക്കിയുടെ പേര്. ബീയിങ് യു എന്ന ഫേസ്ബുക് പേജിലാണ് ദീയ കത്ത് പങ്കുവച്ചിരിക്കുന്നത്.
ജീവിതത്തില്‍ ആകെ മൂന്നു തവണ മാത്രമാണ് തിമ്മയ്യ മകളെ കണ്ടിട്ടുള്ളത്. 2007 ജൂലൈ 24 നു നടന്ന ഭീകരാക്രമണത്തിലാണ് തിമ്മയ്യ കൊല്ലപ്പെടുന്നത്. സൈന്യത്തില്‍ സേവനമനുഷ്ഠിക്കുമ്പോള്‍ വോളണ്ടറി റിട്ടയര്‍മെന്റ് എടുക്കാമെന്ന് ഭാര്യ നിര്‍ദ്ദേശിച്ചിട്ടും തിമ്മയ്യ അത് നിരസിക്കുകയായിരുന്നു. സ്വന്തം ജീവനെക്കാളും രാജ്യസേവനത്തിനായിരുന്നു അദ്ദേഹം പ്രാധാന്യം നല്‍കിയത്.
ദീയയുടെ ഹൃദയസ്പര്‍ശിയായ കത്ത് വായിക്കാം;
പ്രിയപ്പെട്ട ഡാഡ,
ചിലപ്പോള്‍ ഞാന്‍ അതിശയത്തോടെ ഓര്‍ക്കും എന്തു വിളിച്ചാലായിരിക്കും താങ്കള്‍ക്ക് കൂടുതല്‍ ഇഷ്ടപ്പെടുക എന്ന്. അപ്പാ? പപ്പാ? ഡാഡി? പക്ഷെ, എനിക്കെപ്പോഴും താങ്കളെന്റെ ഡാഡയാണ്. എനിക്ക് 13 വയസ്സ് തികയാന്‍ ഇനി കുറച്ചു ദിവസങ്ങള്‍ മാത്രം. അതിനുശേഷം ഞാനൊരു ടീനേജുകാരിയാകും, വലിയ പെണ്‍കുട്ടി!
ഡാഡയ്ക്കറിയോ… ഞാന്‍ പഠനത്തില്‍ മിടുക്കിയാണ്. ഹിന്ദിയ്ക്ക് 12 ല്‍ 11.5 ഉം സയന്‍സില്‍ 10 ല്‍ 9.5 മാര്‍ക്കും ഞാന്‍ സ്കോര്‍ ചെയ്യാറുണ്ട്. എന്റെ ക്ലാസ്സ് ടീച്ചര്‍ അമ്മയോട് പറഞ്ഞു ഞാനാണ് ക്ലാസ്സിലെ ടോപ്പര്‍ എന്ന്. എന്നോട് ഒരു ആര്‍മി ഡോക്ടര്‍ ആകാനാണ് അമ്മ ആവശ്യപ്പെട്ടിരിക്കുന്നത്. തീര്‍ച്ചയായും ഞാനൊരു ഡോക്ടറാകും! പക്ഷെ, ഞാനെന്റെ അമ്മയെ ജീവിതത്തില്‍ ഒരിക്കലും തനിച്ചാക്കില്ല. പിന്നെ എന്റെ ബെസ്റ്റ് ഫ്രണ്ട് അഷിതയാണ്. അവളെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. എന്റെ അതേ സ്റ്റാന്‍ഡേര്‍ഡിലാണ് അവളും പഠിക്കുന്നത്. പക്ഷെ, വേറെ സ്കൂളിലാണ്.
ചിലപ്പോഴൊക്കെ ഞാന്‍ അതിശയത്തോടെ ഓര്‍ക്കും ഡാഡ എന്റെ അരികില്‍ ഉണ്ടായിരുന്നെങ്കിലെന്ന്. അപ്പോള്‍ എന്നെ പാര്‍ക്കില്‍ കൊണ്ടുപോകാനും, സ്പോര്‍ട്സ് ഡേയുടെ ഭാഗമായി എന്നെ തോളിലെടുത്ത് കൊണ്ടുപോകാനുമൊക്കെ ഡാഡയ്ക്ക് കഴിയുമായിരുന്നില്ലേ? പക്ഷെ, അതിനെപ്പറ്റി ഞാന്‍ കൂടുതലൊന്നും ചിന്തിക്കാറില്ല. എന്റെ മനസ്സില്‍ മാത്രമല്ല, എനിക്കൊപ്പം എപ്പോഴും ഡാഡയുണ്ട്. ഞാനും അമ്മയും ദാദയും മാത്രമുള്ള ബെസ്റ്റ് ഫാമിലി.
ഇനി ഞാനൊരു രഹസ്യം പറയാം. എന്റെ സുഹൃത്തുക്കളോട് ഞാന്‍ പറഞ്ഞിരിക്കുന്നത് ഡാഡ ഇപ്പോഴും ബോര്ഡറില് ജോലി ചെയ്യുകയാണെന്നാണ്. അവരോടെനിക്ക് ഒരിക്കലും പറയാന്‍ കഴിയില്ല താങ്കള്‍ ജീവനോടെയില്ലെന്ന്. കാരണം എന്റെ കൂടെ ഡാഡയുണ്ട്. താങ്കളാണെന്റെ ഹീറോ ദാദാ. ഞാന്‍ കാരണം താങ്കള്‍ക്ക് അഭിമാനം തോന്നുന്ന ഒരു ദിവസം വരും. ഞാന്‍ താങ്കളെ ഒരുപാട് സ്നേഹിക്കുന്നു.
എന്ന് സ്വന്തം ദിയ…
Discussion about this post