ന്യൂഡല്‍ഹി: പുല്‍വാമയില്‍ സൈനികര്‍ കൊല്ലപ്പെട്ടതറിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഭക്ഷണം പോലും കഴിച്ചില്ലെന്ന കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളെ പൊളിച്ചടുക്കി ദ ടെലഗ്രാഫ്. ജവാന്മാര് കൊല്ലപ്പെട്ട ഫെബ്രുവരി 14 മുതല്‍ 21 വരെയുള്ള മോഡിയുടെ വിവിധ ഭാവങ്ങള്‍ പകര്‍ത്തി ഇതാണ് ആ സങ്കട ചിത്രങ്ങള്‍ എന്ന് പറഞ്ഞുകൊണ്ടാണ് ട്രോളിയിരിക്കുന്നത്.
‘ലജ്ജാകരം, ദേശദ്രോഹികളേ ! ഫെബ്രുവരി 14 മുതല്‍ പ്രധാനമന്ത്രി ദു:ഖത്തിലായിരുന്നുവെന്നതിനെ എങ്ങനെയാണ് നിങ്ങള്‍ക്ക് ചോദ്യം ചെയ്യാനാവുക? അന്നു മുതല്‍ എല്ലാദിവസവും അദ്ദേഹം കറുപ്പ് വസ്ത്രം ധരിച്ചിരിക്കുകയായിരുന്നു’ എന്ന കുറിപ്പോടെ മോദിയുടെ പലതരം ‘ചിരിഭാവങ്ങളുള്ള’ ഫോട്ടോ നല്‍കിയാണ് ടെലഗ്രാഫിന്റെ ട്രോള്‍. ഈ ചിത്രങ്ങളില്‍ മോഡി ധരിച്ച കറുപ്പ് വസ്ത്രം പ്രത്യേകം പരാമര്‍ശിച്ചുകൊണ്ടായിരുന്നു പരിഹാസം.
പുല്‍വാമ സംഭവത്തില്‍ അതീവ ദു:ഖമുണ്ടെന്നു പറയുമ്പോഴും തെരഞ്ഞെടുപ്പു പ്രചരണമടക്കമുള്ള പരിപാടികളില്‍ സജീവമായിരുന്നു മോഡിയും ബിജെപി നേതാക്കളും. ആക്രമണം നടന്നതിനു പിന്നാലെ ഫെബ്രുവരി 15ന് വന്ദേഭാരത് എക്സ്പ്രസിന്റെ ഫ്ളാഗ് ഓഫ് ചടങ്ങില്‍ മോഡി പങ്കെടുത്തിരുന്നു. ചടങ്ങില്‍ ചിരിച്ചുകൊണ്ട് മോഡി അഭിവാദ്യം ചെയ്യുന്നതാണ് ടെലഗ്രാഫ് പുറത്തുവിട്ട ഒരു ചിത്രം. ഇങ്ങനെ 21 വരെയുള്ള വിവിധ പരിപാടികളുടെ ചിത്രങ്ങളാണ് ടെലഗ്രാഫ് പുറത്തുവിട്ടിരിക്കുന്നത്.
പിറ്റേദിവസം പ്രധാനമന്ത്രി ആവാസ് യോജനയുടെ ഭാഗമായുള്ള പരിപാടിയില്‍ കുശലം ചോദിച്ചുകൊണ്ട് ചിരിക്കുന്ന മോഡിയുടെ ചിത്രമാണ് അടുത്തത്. ഇതിനു മുന്‍പ് സൈനികരുടെ വിയോഗത്തില്‍ രാജ്യം കേഴുമ്പോള്‍ മോഡി തെരഞ്ഞെടുപ്പു പ്രചരണത്തിനായുള്ള ഷൂട്ടിങ് തിരക്കിലായിരുന്നെന്ന് കോണ്‍ഗ്രസ് നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു.
Discussion about this post