തിരുപ്പതി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അധികാരം ലഭിച്ചാല്‍ ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. അതിന് ഇനി എന്തൊക്കെ പ്രതിബന്ധങ്ങള്‍ ഉണ്ടായാലും പ്രധാനമന്ത്രിയുടെ പ്രത്യേക ഉത്തരവാദിത്തമായി അത് നിറവേറ്റുമെന്നും രാഹുല്‍ പറഞ്ഞു. തിരുപ്പതിയിലെ പൊതു സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ ജനങ്ങളെ മോഡി പറഞ്ഞ് പറ്റിച്ചത് പോലെ കോണ്‍ഗ്രസ് പറഞ്ഞു പറ്റിക്കില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കുമെന്ന് പറഞ്ഞ് മോഡി ആന്ധ്രയിലെ ജനങ്ങളെ വഞ്ചിച്ചു, കള്ളപ്പണം പിടിച്ചെടുത്ത് ഇന്ത്യയിലെത്തിച്ച് 15 ലക്ഷം രൂപ വീതം ഓരോരുത്തരുടെയും ബാങ്ക് അക്കൗണ്ടുകളിലിടുമെന്ന മോഹന വാഗ്ദാനവും നല്‍കി. യുവാക്കള്‍ക്ക് തെഴിലവസരങ്ങള്‍ നല്‍കിയില്ല. പൊള്ളയായ വാഗ്ദാനങ്ങള്‍ മാത്രമാണ് മോഡി ജനങ്ങള്‍ക്ക് നല്‍കിയതെന്നും രാഹുല്‍ ആരോപിച്ചു.
കോണ്‍ഗ്രസ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ടെന്ന് ഉദാഹരണങ്ങള്‍ നിരത്തി രാഹുല്‍ ഗാന്ധി വ്യക്തമാക്കി. പുല്‍വാമയില്‍ ഭീകരാക്രമണം നടക്കുമ്പോള്‍ മോദി ഫോട്ടോ ഷൂട്ടിലായിരുന്നുവെന്നും റാഫേല്‍ ഇടപാടിലൂടെ അംബാനിക്ക് മോഡി 30,000 കോടിരൂപ കടം നല്‍കിയെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.
കഴിഞ്ഞ ദിവസമാണ് രാഹുല്‍ തിരുപ്പതിയിലെത്തിയത്. എട്ട് കിലോമീറ്റര്‍ നടന്നാണ് രാഹുല്‍ പ്രര്‍ത്ഥനയ്ക്കായി വെങ്കിടേശ്വര ക്ഷേത്രത്തിലെത്തിയത്.