മുംബൈ : ലോകകപ്പ് ടൂര്‍ണമെന്റില്‍ പാകിസ്താനെതിരെയുള്ള ഇന്ത്യയുടെ മത്സരം റദ്ദാക്കണമെന്ന ആവശ്യത്തെ തള്ളിയ ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കറെ രാജ്യദ്രോഹിയെന്ന് വിളിച്ച് അര്‍ണബ് ഗോസ്വാമി. പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ലോകകപ്പില്‍ ഇന്ത്യ പാകിസ്താനെതിരെയുള്ള മത്സരം ബഹിഷ്കരിക്കണമെന്ന ആവശ്യം ഉയര്‍ന്നത്.
അതേസമയം, റിപ്പബ്ലിക് ടിവിയില്‍ ‘ഷെയിം ഓണ്‍ ആന്റിനാഷണല്‍’ എന്ന ഇന്നലെ നടന്ന ചര്‍ച്ചയിലാണ് അര്‍ണബ് ഗോസ്വാമി സച്ചിനെയും സുനില്‍ ഗവാസ്കറെയും രാജ്യദ്രോഹികളെന്ന് വിശേഷിപ്പിച്ചത്.
ലോകകപ്പില്‍ ഇന്ത്യ എല്ലായ്പ്പോഴും പാകിസ്താനെ തോല്‍പ്പിക്കാറുണ്ടെന്നും ഒരിക്കല്‍ കൂടി അവരെ പരാജയപ്പെടുത്താനുള്ള സമയമാണ് ഇതെന്നും സച്ചിന് പറഞ്ഞിരുന്നു. ലോകകപ്പ് മത്സരത്തിനിടെ കളി ഉപേക്ഷിച്ച് ഇന്ത്യ പാകിസ്താന് രണ്ട് പോയിന്റ് നല്‍കുന്നതിനോട് എതിര്‍പ്പുണ്ടെന്നും സച്ചിന് പറഞ്ഞു. ഒപ്പം, ഇത് തന്റെ മാത്രം അഭിപ്രായമാണെന്നും രാജ്യം എന്ത് തീരുമാനം എടുത്താലും അതിനെ പിന്തുണയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു. ഇതേ അഭിപ്രായം തന്നെയായിരുന്നു സുനില്‍ ഗവാസ്കറും പങ്കുവെച്ചത്.
സച്ചിനെയും സുനില്‍ ഗവാസ്കറെയും അധിക്ഷേപിച്ചുകൊണ്ടാണ് ചാനല്‍ ചര്‍ച്ചയില്‍ അര്‍ണബ് സംസാരിച്ചത്. ‘ഞാന്‍ ഒരു ദൈവത്തിലും വിശ്വസിക്കുന്നില്ലെന്നും സച്ചിന് 100 ശതമാനവും തെറ്റാണെന്നും വല്ല ബോധവും ഉണ്ടായിരുന്നെങ്കില്‍ പാകിസ്താനോട് ഇന്ത്യ കളിക്കരുതെന്ന് ആദ്യം പറയേണ്ടിയിരുന്നത് അദ്ദേഹമാണ്’ എന്നും അര്‍ണാബ് പറഞ്ഞിരുന്നു.
ഇതിനിടെ, അര്‍ണബിന്റെ വാദങ്ങളോട് യോജിക്കാനാകില്ലെന്നും ചര്‍ച്ചയില്‍ നിന്നും ഇറങ്ങിപ്പോകുകയാണെന്നും സുധീന്ദ്ര കുല്‍ക്കര്‍ണി പറഞ്ഞു. സച്ചിനെ രാജ്യദ്രോഹി എന്ന് വിളിക്കുന്ന നിങ്ങളെയോര്‍ത്ത് ലജ്ജ തോന്നുന്നുവെന്നും ചര്‍ച്ച ബഹിഷ്കരിക്കവേ കുല്‍ക്കര്‍ണി പറഞ്ഞു. തൊട്ടുപിന്നാലെ ആം ആദ്മി നേതാവ് അശുതോഷും അര്‍ണബിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ചര്‍ച്ച ബഹിഷ്കരിച്ചു.
അതിഥികള്‍ ഇരുവരും പ്രതിഷേധം കടുപ്പിച്ചമതോടെ അര്‍ണബ് സച്ചിനെ രാജ്യദ്രോഹിയെന്ന് വിളിച്ചിട്ടില്ലെന്നും അവരായിരുന്നു പാകിസ്താനെതിരെ കളിക്കരുതെന്ന് ആദ്യം ആവശ്യപ്പെടേണ്ടിയിരുന്നത് എന്നാണ് ഉദ്ദേശിച്ചതെന്നും അര്‍ണബ് പറഞ്ഞു.
Discussion about this post