ന്യൂഡല്‍ഹി: സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് കേരളമുള്‍പ്പെടെയുള്ള 20 സംസ്ഥാനങ്ങളില്‍ നിന്നായി കുടി ഒഴിപ്പിക്കല്‍ ഭീഷണി നേരിടുന്ന ആദിവാസികളുടെ കണക്ക് സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. വനാവകാശ നിയമത്തിന്റെ പരിരക്ഷ ലഭിക്കാത്തവരുടെ കണക്കാണ് ആവശ്യപ്പെട്ടത്. കുടി ഒഴിപ്പിക്കല്‍ ഭീഷണി നേരിടുന്ന ആദിവാസികളുടെ എണ്ണം കൂടുതല്‍ ആണെങ്കില്‍ ഉചിതമായ ഇടപെടലുണ്ടാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
കേരളമുള്‍പ്പെടെയുള്ള 20 സംസ്ഥാനങ്ങളില്‍ നിന്നും 10 ലക്ഷത്തിലേറെ ആദിവാസി കുടുംബങ്ങളെ വനഭൂമിയില്‍നിന്ന് ഒഴിപ്പിക്കാനാണ് സുപ്രീം കോടതി നിര്‍ദേശം. കേരളത്തിലെ 894 കുടുംബങ്ങള്‍ക്കാണ് വിധി തിരിച്ചടിയാവുക. ജഡ്ജിമാരായ അരുണ്‍ മിശ്ര, നവീന്‍ സിന്‍ഹ, ഇന്ദിര ബാനര്‍ജി എന്നിവരുടെ ബെഞ്ചിന്റേതാണ് നടപടി.
2006ലെ വനാവകാശ നിയമത്തിന്റെ സാധുത ചോദ്യം ചെയ്ത് വൈല്‍ഡ് ലൈഫ് ഫസ്റ്റ് എന്ന പരിസ്ഥിതി സംഘടന സമര്‍പ്പിച്ച ഹര്‍ജിയില്‍ കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി നിര്‍ണായക ഉത്തരവിട്ടത്. വനാവകാശ നിയമപ്രകാരം വനഭൂമിക്ക് അര്‍ഹത ഇല്ലാത്ത ആദിവാസികളെ ജൂലൈ 27നകം ഒഴിപ്പിക്കണം എന്നാണ് ഉത്തരവ്. പതിനാറ് സംസ്ഥാനങ്ങള്‍ നല്‍കിയ കണക്ക് പ്രകാരം ആകെ 11,27,446 കുടുംബങ്ങള്‍ ഒഴിപ്പിക്കപ്പെടും. ബാക്കി സംസ്ഥാനങ്ങളുടെ കണക്ക് കൂടെ ലഭിക്കുമ്പോള്‍ ഇത് 23 ലക്ഷത്തിലധികമായി ഉയരുമെന്നാണ് കണക്ക്. അതേ സമയം സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകര്‍ ഈ ഹര്‍ജിയെ പ്രതിരോധിച്ചില്ലെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കേന്ദ്രം സംസ്ഥാന സര്‍ക്കാരിനോട് ഒഴിപ്പിക്കല്‍ ഭീഷണി നേരിടുന്ന ആദിവാസികളുടെ കണക്ക് അടിയന്തരമായി ആവശ്യപ്പെട്ടത്.
കേന്ദ്ര ആദിവാസി മന്ത്രാലയ സെക്രട്ടറി ദീപക് ഖാണ്ഡേക്കര്‍ ഇക്കാര്യം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കത്ത് അയച്ചതായാണ് വിവരം. സംസ്ഥാന സര്‍ക്കാരുകളുടെ യോഗം ഉടന്‍ വിളിക്കുമെന്നും ഒഴിപ്പിക്കേണ്ടവരുടെ കൂടുതല്‍ ആണെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.