പൂണെ: പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ രാജ്യത്ത് കാശ്മീരികള്‍ക്കെതിരായ അക്രമം തുടരുന്നു. മഹാരാഷ്ട്രയിലെ പൂണെയില്‍ കാശ്മീര്‍ സ്വദേശിയായ മാധ്യമപ്രവര്‍ത്തകനു നേരെ ആക്രമണം. സംഭവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച വൈകുന്നേരം രണ്ടു പേര്‍ക്കെതിരെ കേസെടുത്തു. ഇതില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ച രാത്രി നഗരത്തിലെ ട്രാഫിക് സിഗ്നലില്വച്ചാണ് ആക്രമണം ഉണ്ടായത്. രണ്ടു പേര് ചേര്‍ന്നാണ് ഇരുപത്തിനാലുകാരനായ മാധ്യമപ്രവര്ത്തകന് ജിബ്രാന് നിസാറിനെ ആക്രമിച്ചത്. ഇദ്ദേഹം പൂണെയില്‍ പത്രത്തില്‍ ജോലി ചെയ്യുകയാണ്. നിസാറിനെ കാശ്മീരിലേക്ക് തിരികെ അയക്കണമെന്ന് ആക്രോശിച്ചായിരുന്നു മര്‍ദ്ദനം.
വീട്ടിലേക്ക് ബൈക്കില്‍ പോകുമ്പോള്‍ പൂണെയിലെ താലിക് റോഡില്‍ വ്യാഴാഴ്ച രാത്രി 10.45 ന് ആണ് ആക്രമണം ഉണ്ടായതെന്ന് നിസാര്‍ പറയുന്നു. സിഗ്നലില്‍ ബൈക്ക് നിര്ത്തിയിപ്പോഴായിരുന്നു സംഭവം. പിന്നില്‍ ബൈക്കിലുണ്ടായിരുന്നവര്‍ ഹോണ്‍ മുഴക്കുകയും മുന്നോട്ടുപോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. ബൈക്കിന്റെ ഹിമാചല്‍പ്രദേശ് രജിസ്ട്രേഷന് ശ്രദ്ധിച്ച അക്രമികള്‍ ഹിമാചലിലേക്ക് പോകാന്‍ ആക്രോശിച്ചു. താന്‍ കാശ്മീരില്നിന്നാണെന്ന് പറഞ്ഞപ്പോള്‍ ബൈക്കില്‍നിന്ന് ഇറങ്ങിവന്ന് ആക്രമിക്കുകയായിരുന്നു. മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കുകയും ബൈക്ക് അടിച്ചുതകര്‍ക്കുകയും ചെയ്തതായി നിസാര്‍ പറയുന്നു.
Discussion about this post