ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്ന് ഇനി ജലവിഹിതം പാകിസ്താന് നല്‍കേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. രവി, ബീസ്, സത്‌ലജ് എന്നീ നദികളില്‍നിന്നുള്ള ജലമാണ് നല്‍കേണ്ടെന്ന് തീരുമാനിച്ചത്.
പാകിസ്താനിലേക്ക് ഒഴുകിയിരുന്ന നദിയിലെ വെള്ളം അണകെട്ടി ജമ്മുകശ്മീരിലെയും പഞ്ചാബിലെയും ജനങ്ങള്‍ക്ക് ഉപയോഗിക്കാനായി നല്‍കുമെന്ന് കേന്ദ്ര ജലവിഭവമന്ത്രി നിതിന്‍ ഗഡ്കരിയാണ് ട്വിറ്ററില്‍ വ്യക്തമാക്കി.
”പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ നിലവില്‍ പാകിസ്താനിലേക്ക് ഒഴുകുന്ന നദീജലത്തില്‍ ഇന്ത്യയുടെ പങ്ക് പാകിസ്താന് നല്‍കേണ്ടെന്നും കിഴക്കന്‍ നദികളിലെ വെള്ളം ജമ്മുകശ്മീരിലെയും പഞ്ചാബിലെയും ജനങ്ങള്‍ക്ക് നല്‍കാനും തീരുമാനിച്ചു” -ഗഡ്കരി ട്വീറ്റ് ചെയ്തു.
1960-ലെ സിന്ധുനദീജല കരാര്‍പ്രകാരം കിഴക്കന്‍ നദികളിലെ (രവി, ബീസ്, സത്‌ലജ്) ജലത്തിന്റെ പൂര്‍ണാവകാശം ഇന്ത്യയ്ക്കാണ്. ഇന്ത്യയുടെ പുതിയ തീരുമാനം കരാറിന്റെ ലംഘനമാവില്ല. എന്നാല്‍, ഒഴുക്കുതടയാന്‍ 100 മീറ്റര്‍ ഉയരത്തിലെങ്കിലും ഡാം നിര്‍മിക്കേണ്ടതിനാല്‍ തീരുമാനം നടപ്പാക്കാന്‍ ആറുവര്‍ഷമെങ്കിലും വേണ്ടിവരുമെന്നുമാണ് സൂചന.
പാകിസ്താന്റെ ഉറ്റവ്യാപാരപങ്കാളി പദവി പിന്‍വലിക്കുകയും ഇറക്കുമതി ഉത്പന്നങ്ങള്‍ക്ക് 200 ശതമാനം എക്‌സൈസ് തീരുവ ചുമത്തുകയും ചെയ്തതിനുപിന്നാലെയാണ് ഇത്തരത്തിലുള്ള കടുത്തനടപടിക്ക് ഇന്ത്യ മുതിരുന്നത്.