ന്യൂഡല്‍ഹി: എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കഗാന്ധി നിയമിച്ച പാര്‍ട്ടി സെക്രട്ടറിയെ രാഹുല്‍ഗാന്ധി പുറത്താക്കി. എഐസിസി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റ ശേഷം പ്രിയങ്ക നടത്തിയ ആദ്യ നിയമനമാണ് രാഹുല്‍ ഗാന്ധി റദ്ദാക്കിയത്.
ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള പാര്‍ട്ടി സെക്രട്ടറിയായി കുമാര്‍ ആശിഷിനെയാണ് പ്രിയങ്ക നിയമിച്ചത്. 2005 ബിഹാര്‍ ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ പ്രതിയായ വ്യക്തിയാണ് കുമാര്‍ ആശിഷ് എന്ന് ചൂണ്ടിക്കാട്ടിയാണ് പ്രിയങ്ക ഗാന്ധി നയിക്കുന്ന ഉത്തര്‍പ്രദേശ് ടീമില്‍ നിന്നും ഇയാളെ പുറത്താക്കിയത്.
ആശിഷിനെ പ്രിയങ്ക സെക്രട്ടറിയായി നിയമിച്ചതില്‍ ബിഹാറില്‍ നിന്നുള്ള നിരവധി നേതാക്കള്‍ പാര്‍ട്ടി കേന്ദ്രനേതൃത്വത്തെ അതൃപ്തി അറിയിച്ചിരുന്നു. തുടര്‍ന്ന് പ്രിയങ്ക ഗാന്ധിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് രാഹുല്‍ ഗാന്ധി ഉടനടി നടപടി എടുക്കുകയായിരുന്നു. സച്ചിന്‍ നായിക്കാണ് ആശിശിന് പകരക്കാരനായി എത്തുന്നത്
ആശിഷിനെ എല്ലാ ചുമതലകളില്‍ നിന്നും ഒഴിവാക്കിയതായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി (ഓര്‍ഗനൈസേഷന്‍) കെസി വേണുഗോപാല്‍ പ്രസ്താവനയില്‍ അറിയിച്ചു. ആശിഷിനെ പുറത്താക്കിയില്ലെങ്കില്‍ അത് രാഷ്ട്രീയ എതിരാളികള്‍ പ്രിയങ്കക്കെതിരെ ഉപയോഗിക്കുമെന്ന വാദവും ഉയര്‍ന്നിരുന്നു.