ലഖ്നൗ: പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യ വരിച്ച ജവാന്മാരുടെ കുടുംബത്തിന് സഹായഹസ്തവുമായി പോലീസ് കോണ്‍സ്റ്റബിള്‍. ഉത്തര്‍പ്രദേശിലെ രാംപൂര്‍ പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളായ ഫിറോസ് ഖാന് ആണ് ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് കൈത്താങ്ങായി എത്തിയത്.
ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് നല്‍കാനുള്ള പണം ശേഖരിക്കുന്നതിനായി ഡ്യൂട്ടിയില്‍ നിന്ന് മൂന്ന് ദിവസത്തെ അവധിയെടുത്തിരിക്കുകയാണ് ഫിറോസ്. അവധി ദിവസങ്ങളില്‍ ഉത്തര്‍പ്രദേശിലെ നഗരങ്ങള്‍ സഞ്ചരിച്ച് പണം ശേഖരിക്കാനാണ് ഫിറോസിന്റെ പദ്ധതി. എന്നാല്‍ ആളുകളുടെ മുന്നില്‍ വെറുതെ കൈ നീട്ടിയില്‍ പണം കിട്ടില്ലെന്ന് ഫിറോസിന് നന്നായി അറിയാം. അതുകൊണ്ടുതന്നെ ഒരു വ്യത്യസ്ത മാര്‍ഗത്തിലൂടെയാണ് ഫിറോസ് പണം ശേഖരിക്കുന്നത്.
കഴുത്തില്‍ മഞ്ഞ കയറില്‍ തൂക്കിയ പെട്ടിയും കയ്യില്‍ ഒരു പ്ലക്കാര്‍ഡും പിടിച്ച് പോലീസ് യൂണിഫോമിലാണ് ഫിറോസ് നഗരത്തിലൂടെ നടക്കുക. ‘പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യ വരിച്ച ജവാന്മാരുടെ കുടുംബത്തിന് വേണ്ടി സംഭാവന ചെയ്യുക’ എന്നെഴുതിയ പ്ലക്കാര്‍ഡുകളാണ് ഫിറോസ് കൈയ്യില്‍ പിടിച്ചത്. ആളുകള്‍ക്ക് പണം നിക്ഷേപിക്കുന്നതിനായാണ് കഴുത്തില്‍ പെട്ടി തൂക്കിയത്.
പുല്‍വാമയില്‍ ഫെബ്രുവരി 14 നുണ്ടായ ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാരാണ് കൊല്ലപ്പെട്ടത്. ഇതില്‍ 12 ജവാന്മാര് ഉത്തര്‍പ്രദേശില്‍നിന്നുള്ളവരാണ്. അതേസമയം, ഭീകരാക്രമണത്തില്‍ വീരമൃത്യ വരിച്ച ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് സഹായഹസ്തവുമായി നിരവധി ആളുകളാണ് മുന്നിട്ടറങ്ങിയത്.
Discussion about this post