ധാക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ രാസവസ്തുക്കള്‍ സൂക്ഷിച്ച കെട്ടിടത്തില്‍ വന്‍ തീപിടുത്തം. 69ഓളം പേര് വെന്തുമരിച്ചു. നിരവധി പേര് ഇപ്പോഴും കെട്ടിടത്തില്‍ കുടുങ്ങി കിടക്കുന്നുണ്ട്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്. അപകടത്തെ തുടര്‍ന്ന് പ്രദേശത്തെ ഇടുങ്ങിയ വഴികളില്‍ ഗതാഗത തടസ്സം അനുഭവപ്പെട്ടതോടെ ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. ഇത് രക്ഷാ പ്രവര്‍ത്തനത്തെയും സാരമായി ബാധിക്കുന്നുണ്ട്.
രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് ബംഗ്ലാദേശ് അഗ്നിശമന സേനാ വിഭാഗം മേധാവി അലി അഹമ്മദ് അറിയിച്ചു. ഗ്യാസ് സിലിണ്ടറില്‍ നിന്നാണ് തീപടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. രാസവസ്തുക്കളുടെ സംഭരണ ശാലയായി ഉപയോഗിക്കുന്ന നാല് കെട്ടിടങ്ങളിലേക്കായി തീ പടര്‍ന്ന് പിടിക്കുകയായിരുന്നു. ആളുകള്‍ക്ക് രക്ഷാപ്പെടാന്‍ കഴിയാത്ത തരത്തില്‍ നിമിഷങ്ങള്‍ക്കുള്ളിലാണ് തീ പടര്‍ന്നത്.
അപകട സ്ഥലത്തിനടുത്ത് ഒരു വിവാഹസല്‍ക്കാരം കൂടി നടക്കുന്നുണ്ടായിരുന്നു. ചടങ്ങില്‍ പങ്കെടുക്കാനെത്തിയ നിരവധി പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. നിരവധി വാഹനങ്ങളും ഇക്കൂട്ടത്തില്‍ കത്തി നശിച്ചിട്ടുണ്ട്. 45ഓളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇതില്‍ 4 പേരുടെ നില അതീവ ഗുരുതരമാണ്.
Discussion about this post